പത്തനംതിട്ട: പൊതുവിദ്യാഭാസ വകുപ്പ് സംഘടിപ്പിക്കുന്ന 65- ാമത് സംസ്ഥാന സ്കൂ‌ൾ ഗെയിംസ് ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ് ബോൾ (അണ്ടർ 19, ആൺ, പെൺ), ബോൾ ബാഡ്മിന്റൺ (അണ്ടർ14, 17, 19, ആൺ, പെൺ) , ടഗ് ഓഫ് വാർ (അണ്ടർ19, ആൺ, പെൺ ), പവർലിഫ്റ്റിംഗ് (അണ്ടർ 19, ആൺ, പെൺ) എന്നീ മത്സരങ്ങൾ ഇന്നു മുതൽ 12 വരെ പത്തനംതിട്ടയിൽ നടക്കും. കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കാതോലിക്കേറ്റ് സ്കൂൾ ഓഡിറ്റോറിയം, ജില്ലാ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വേദികളെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു പത്രസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10 ന് ജില്ലാ സ്റ്റേഡിയത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. 1778 കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കും.

പത്തനംതിട്ട മാർത്തോമ്മ, കാതോലിക്കേറ്റ് സ്കൂളുകൾ എന്നിവിടങ്ങളിലായാണ് കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കുന്നത്.

കൺവീനർ ഫിലിപ്പ് ജോർജ്, ജില്ലാ ഓർഗനൈസർ മിനികുമാരിയമ്മ, പബ്ലിസിറ്റി കൺവീനർ ജി .സനൽകുമാർ, രാജേഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.