lift-1
തിരുവല്ല റവന്യു ടവറിലെ തകരാറിലായ ലിഫ്റ്റുകൾ

തിരുവല്ല: താലൂക്കിലെ ഭരണസിരാകേന്ദ്രമായ റവന്യു ടവറിലെ മൂന്ന് ലിഫ്റ്റുകളും തകരാറിലായതോടെ ജനങ്ങൾ ദുരിതത്തിലായി. ടവറിന്റെ നാലാം നിലയിലാണ് താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത്. ഇതുകൂടാതെ വിവിധ കോടതികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം മുകളിലത്തെ നിലകളിലാണ്. റവന്യു ടവറിലെ ലിഫ്റ്റുകളെല്ലാം കേടായിട്ട് ആറുമാസം പിന്നിട്ടു. 3 ലിഫ്റ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണം പ്രവർത്തനം തുടങ്ങിയ ആദ്യകാലത്ത് തന്നെ തകരാറിലായിരുന്നു. ജഡ്ജിമാർ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ലിഫ്റ്റ് പണിമുടക്കിയിട്ട് ഒരു വർഷത്തോളമായി. പ്രവേശന കവാടത്തിന് സമീപമുള്ള ലിഫ്റ്റായിരുന്നു ആകെയുള്ള ആശ്രയം. എന്നാൽ കഴിഞ്ഞ മെയിൽ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങിയതോടെ അഗ്നി രക്ഷാസേന എത്തി കമ്പികൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. മുമ്പും പലതവണ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ടവറിലെ ദുരിതങ്ങൾ സംബന്ധിച്ച് താലൂക്ക് സഭയിലും റവന്യു ടവർ മാനേജ്മെന്റ് യോഗത്തിലും പരാതികൾ പറഞ്ഞു മടുത്തു. ബന്ധപ്പെട്ട അധികൃതർ നടപടിയുണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാണ്.

പടികയറാൻ പാടുപെട്ട് ജനം
ലിഫ്റ്റുകൾ തകരാറിലായതോടെ ടവറിന്റെ മുകളിലേക്കുള്ള യാത്രയ്ക്ക് പടിക്കെട്ടുകൾ മാത്രമാണ് ശരണം. ടവറിൽ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങളും ഇരുപതിലേറെ സർക്കാർ ഓഫിസുകളുമുണ്ട്. മൂന്ന് കോടതികൾ, മോട്ടോർ വാഹന വകുപ്പ്, താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, സഹകരണ രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയെല്ലാം മൂന്നും നാലും നിലകളിൽ പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരും പ്രായമുള്ളവരുമൊക്കെ ഓഫീസുകളിൽ എത്താനാകാതെ മടങ്ങുകയാണ്. സർക്കാർ ഓഫീസുകളിലെ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന മിക്ക ഉദ്യോഗസ്ഥരും നീണ്ട അവധിയിലാണ്. പടികയറാൻ കഴിയാത്തവരെ കെട്ടിടത്തിന് താഴെ വന്നാണ് ഉദ്യോഗസ്ഥർ ഫയലുകളിൽ ഒപ്പുവയ്പിക്കുന്നത്.

.........................

റവന്യു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പുതിയ ലിഫ്റ്റ് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. 25 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിലവിലെ ലിഫ്റ്റ് പലതവണ അറ്റകുപ്പണികൾ നടത്തിയെങ്കിലും വീണ്ടും തകരാറിലാണ്.
പി.എ. സുനിൽ
(തഹസിൽദാർ)​