പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായ നാലംഗസംഘത്തെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തുടരന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും ഭാഗമായി പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയാണ് നാലംഗസംഘത്തെ 18 വരെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പത്തനംതിട്ട സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹാരിബ്, തമിഴ്നാട് സ്വദേശികളായ മുരുകൻ, സുബ്രഹ്മണ്യൻ, പത്തനംതിട്ട സ്വദേശി നിയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതി മുത്തുകുമാരൻ പിടിയിലാകാനുണ്ട്. പ്രതികളുമായി മൈലപ്രയിലെ വ്യാപാര സ്ഥാപനത്തിലും മറ്റും തെളിവെടുപ്പ് നടത്തും.
മൈലപ്ര പുതുവേലിൽ സ്വദേശി ജോർജ് ഉണ്ണൂണ്ണിയെ (73)കഴിഞ്ഞ ഡിസംബർ 30നാണ് കൊലപ്പെടുത്തിയത്. ജോർജ് ഉണ്ണൂണ്ണി ധരിച്ചിരുന്ന ഒമ്പത് പവൻ സ്വർണമാലയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം 70000 രൂപയുമാണ് കടയിൽ നിന്ന് അപഹരിച്ചത്. മോഷ്ടിച്ച സ്വർണമാല പത്തനംതിട്ടയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തിരുന്നു.