
ഈ വർഷത്തെ ശബരിമല തീർത്ഥാടനം പരിസമാപ്തയിലേക്ക് അടുക്കുകയാണ്. മണ്ഡല, മകര വിളക്ക് മഹോത്സവത്തിനായി അറുപത്തിരണ്ടു ദിവസമാണ് പൊന്നമ്പല നടയിലേക്ക് ഭക്തരുടെ പ്രവാഹം. ഇത്തവണ വലിയ തിരക്ക് പ്രതീക്ഷിച്ചതു തന്നെയായിരുന്നു. തീർത്ഥാടകരുടെ അനിയന്ത്രിതമായ ഒഴുക്ക് ചില ദിവസങ്ങളിൽ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മണ്ഡലകാല മഹോത്സവത്തിന്റെ അവസാന നാളുകളിൽ തിരക്ക് നിയന്ത്രണത്തിലുണ്ടായ പാളിച്ചകൾ കാരണം, വ്രതം നോറ്റ് അയ്യനെ കാണാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ഭക്തർ മല കയറാനാകാതെ തിരിച്ചു പോകേണ്ടി വന്നു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അവസരത്തിനൊത്ത് ഉണർന്നതിനാൽ വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. തിരക്ക് നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും സന്നിധാനത്ത് ക്യാമ്പ് ചെയ്തു. എങ്കിലും, പരാതിരഹിത തീർത്ഥാടന കാലമെന്ന് അവകാശപ്പെടാനാവില്ല. മകരവിളക്ക് മഹോത്സവത്തിന് ഇനി നാളുകൾ മാത്രം. വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിംഗിലും നിയന്ത്രണം വരുത്തി മകരവിളക്ക് ദിവസത്തെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളാണ് ദേവസ്വം ബോർഡ് കൈക്കൊണ്ടിട്ടുളളത്.
വെർച്വൽ ക്യൂ ടിക്കറ്റ് കുറച്ചു,
സ്പോട്ട് ബുക്കിംഗ് 15വരെ നിറുത്തി
ഈ മാസം 15നാണ് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശനത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം ഭക്തർ സന്നിധാനത്തും ജ്യോതി കാണാനാകുന്ന സ്ഥലങ്ങളിൽ പർണശാല കെട്ടിയും തമ്പടിക്കും. ഇത് സന്നിധാനത്ത് തിക്കുംതിരക്കും ഉണ്ടാക്കാതിരിക്കാൻ 14ന് വെർച്വൽ ക്യൂ ബുക്കിംഗ് 50,000 ആയും 15ന് 40,000 ആയും കുറച്ചു. നിലവിൽ 80,000ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ വഴി ദർശനം നടത്താവുന്നത്. സ്പോട്ട് ബുക്കിംഗ് 15വരെ നിറുത്തിവച്ചു. 16ന് 50,000 പേർക്കും 17 മുതൽ 20വരെ പ്രതിദിനം 60,000 പേർക്കും ദർശനം നടത്താം. ഇൗ ദിവസങ്ങളിൽ പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാ എന്നിവിടങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ്.
വേഗത്തിൽ ദർശനം
അയ്യപ്പൻമാർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്‌ളൈ ഓവറിലും സോപാനത്തിനു മുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മാളികപ്പുറങ്ങൾക്കും ദർശനത്തിന് തിരുമുറ്റത്ത് പ്രത്യേക ഗേറ്റ്. മാളികപ്പുറങ്ങളും പ്രായമായവരും കുട്ടികളും പതിനെട്ടാംപടി കയറുമ്പോൾ പ്രത്യേക ശ്രദ്ധയ്ക്ക് പൊലീസിന് നിർദേശം.
സുരക്ഷയ്ക്കായി 2500 പൊലീസുകാരെ നിയോഗിച്ചു. ആന്റി നക്സൽ സ്ക്വാഡ് തലവൻ എസ്.സുജിത് ദാസിനാണ് ചുമതല. 10ഡിവൈ.എസ്.പിമാരും 20 സി.എെമാരും അടങ്ങുന്നതാണ് സംഘം.
മകരവിളക്ക് ദർശനം കഴിഞ്ഞ് ഭക്തർ മലയിറങ്ങി വരുമ്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി. 800 ബസുകൾ പമ്പയിലെത്തിക്കും. നിലവിലെ സർവീസുകൾക്ക് പുറമേ പത്ത് ചെയിൻ സർവീസുകളും പതിനാറ് ദീർഘദൂര സർവീസുകളും നടത്തും. ഇത്തവണ മകരവിളക്ക് ഉത്സവത്തിന് തമിഴ്നാട് ദേവസ്വം വകുപ്പും സഹായത്തിനുണ്ട്. ഭക്തർക്ക് തമിഴ്നാട് ദേവസ്വം വക പത്ത് ലക്ഷം പാക്കറ്റ് ബിസ്ക്കറ്റുകൾ പമ്പയിലും സന്നിധാനത്തും എത്തിക്കും. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർബാബുവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും തമ്മിൽ ആശയവിനിമയം നടത്തും.
തിരക്ക് മുൻകൂട്ടിക്കണ്ട് നിലയ്ക്കലിൽ ഒരു പാർക്കിംഗ് ഗ്രൗണ്ട് കൂടി സജ്ജമാക്കി. ആകെ 18 ഗ്രൗണ്ടുകളിലായി ഒൻപതിനായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
തിരുവഭാരണ ഘോഷയാത്ര 13ന് തുടങ്ങും
മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി പന്തളത്ത് നിന്ന് ഘോഷയാത്ര 13ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രം അടച്ചിട്ടിരിക്കുന്നതിനാൽ സമീപത്തെ മേടക്കല്ലിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്.