ശബരിമല: മകരസംക്രമ ദിനമായ 15ന് ശേഷമുള്ള 5 ദിവസത്തെ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു.
16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കുമാണ് പ്രവേശനം. ഈ ദിവസങ്ങളിൽ പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്ന് സ്‌പോട്ട് ബുക്കുചെയ്തും ദർശനം നടത്താം. 15 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. 15 വരെ സ്പോ
ട്ട് ബുക്കിംഗില്ല. മകരസംക്രമനാളിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര 13ന് ഉച്ചയ്ക്ക് 1ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള മേടക്കല്ലിൽ നിന്ന് ആരംഭിക്കും. രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് അടച്ചതിനാൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളോ തിരുവാഭരണ ദർശനമോ ഉണ്ടാകില്ല. രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല. 15 മുതൽ മാളികപ്പുറം ക്ഷേത്രത്തിലെ മണിമണ്ഠപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്കുള്ള ആചാരപരമായ എഴുന്നള്ളത്തും മണിമണ്ഡപത്തിൽ കളമെഴുത്തും ഉണ്ടാകും. 20ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കും. എഴുന്നള്ളത്ത് തിരികെ മാളികപ്പുറത്ത് എത്തിയശേഷം നട അടയ്ക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ മണിമണ്ഠപത്തിനു മുന്നിൽ വലിയ ഗുരുതി നടക്കും. 21ന് പുലർച്ചെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദർശനം. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി അയ്യപ്പനെ യോഗനിദ്ര യിലാക്കിയശേഷം നട അടയ്ക്കും.