മല്ലപ്പുഴശേരി : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം തേവള്ളിപ്പടി - നടുവിഴിഞ്ഞേൽപ്പടി ഭാഗത്ത് താമസിക്കുന്നവർക്ക് രാഷ്ട്രീയ പാർട്ടിക്കാർ ആ വാഗ്ദാനം ആവർത്തിക്കും, "ഇത്തവണ ഞങ്ങൾ ജയിച്ചാൽ റോഡ് പണിയും". അടുത്തിടെ നടന്ന മല്ലപ്പുഴശേരി പന്ത്രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിലും പാർട്ടിക്കാർ ഇതു പറഞ്ഞു. പക്ഷേ, റോഡ് പണിതില്ല. ഏഴ് വീട്ടുകാരാണ് റോഡിന്റെ ആവശ്യക്കാർ. ഞങ്ങളെ ഇങ്ങനെ പറ്റിക്കരുതെന്ന് വോട്ടു ചോദിക്കാൻ വരുന്നവരോടെല്ലാം അവർ പറഞ്ഞിട്ടുണ്ട്. പക്ഷെ, പിന്നെയും വോട്ടു ചോദിച്ചെത്തും. പാർട്ടികളുടെ വാർഡ് നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ വാഗ്ദാനം നൽകിയിട്ടുണ്ട്.
കുറുന്താർ - കാഞ്ഞിരപ്പള്ളി റോഡിൽ നിന്ന് തേവള്ളിപ്പടി, നടുവിഴിഞ്ഞേൽപ്പടി ഭാഗത്തേക്ക് പി.ഐ.പി കനാലുണ്ട്. ഇതിന്റെ കരയിലൂടെ നാല് ചക്ര വാഹനങ്ങൾ ഒാടിക്കാൻ വീതിയുണ്ട്. ചില ഭാഗങ്ങളിൽ കനാലിന്റെ വശം ഇടിഞ്ഞത് മണ്ണിട്ട് ഉയർത്തിയാൽ മതി. റോഡിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രദേശത്തെ ഏഴ് കുടുംബങ്ങൾ ഗ്രാമ പഞ്ചായത്തിന് പല തവണ നിവേദനങ്ങൾ നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. പി.ഐ.പിയിൽ നിന്ന് അനുമതി വാങ്ങിയാൽ റോഡ് നിർമ്മിക്കാൻ കഴിയും. ഒരു കിലോമീറ്ററിൽ താഴെ ദൂരമുള്ളൊരു റോഡിന് വേണ്ടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പ്രായമായ രോഗികളെ ചുമന്നാണ് കുറുന്താർ - കാഞ്ഞിരപ്പള്ളി റോഡിൽ എത്തിച്ച് വാഹനങ്ങളിൽ കയറ്റി ആശുപത്രികളിൽ കൊണ്ടുപോകുന്നത്.
'' തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം വോട്ട് ചോദിച്ചെത്തുന്നവർ റോഡ് നിർമ്മിക്കാമെന്ന് പറയും. പിന്നെ തിരിഞ്ഞു നോക്കാറില്ല. പ്രദേശവാസികളുടെ ദുരിതം ജനപ്രതിനിധികൾ മനസിലാക്കണം.
ചന്ദ്രശേഖരൻ, പ്രദേശവാസി.