
കോന്നിയിലെത്താൻ വി. കോട്ടയത്തുകാർക്ക് ബസില്ല
പ്രമാടം : വി. കോട്ടയത്തുകാർക്ക് കോന്നിയിൽ എത്തണമെങ്കിൽ ബസില്ല. കൊവിഡിന് ശേഷം ഇതുവഴി അടൂരും കോന്നിയുമായി ബന്ധപ്പെടുത്തി ഉണ്ടായിരുന്ന മിക്ക സ്വകാര്യ ബസുകളും നിറുത്തി. ഇളപ്പുപാറ, കൈതക്കര, അന്തിച്ചന്ത പ്രദേശങ്ങളിൽ ഉള്ളവരാണ് ഇതുമൂലം വകയാറിലും താലൂക്ക് ആസ്ഥാനമായ കോന്നിയിലും എത്താൻ ബുദ്ധിമുട്ടുന്നത്. രാവിലെ അടൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് വരുന്ന സ്വകാര്യ ബസ് ഒരു ട്രിപ്പ് കൊണ്ട് സർവീസ് അവസാനിപ്പിക്കും. കുമ്മണ്ണൂർ, പത്തനംതിട്ട റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസ് മണിക്കൂറുകളുടെ ഇടവേളകളിലാണ് കോന്നിയിൽ എത്തുന്നത്. മിക്ക ഞായറാഴ്ച കളിലും ഈ സർവീസ് കാണില്ല. കോന്നിയിൽ നിന്ന് പത്തനംതിട്ട, വി. കോട്ടയം വഴി സർക്കുലർ സർവ്വീസ് തുടങ്ങിയാൽ യാത്രാ ക്ളേശം പരിഹരിക്കാൻ കഴിയും.
പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്. ചില സമയങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല. യഥാസമയം ബസ് ഇല്ലാത്തത് രോഗികളെയും ദുരിതത്തിലാക്കുന്നുണ്ട്.
ഗ്രാമവണ്ടി കാത്ത് മല്ലപ്പള്ളി
മല്ലപ്പള്ളി : പടുതോട് - നാരകത്താനി എഴുമറ്റൂർ - ചാലാപ്പള്ളി - ചുങ്കപ്പാറ റൂട്ടിൽ യാത്രാക്ലേശം മൂലം ജനം ബുദ്ധിമുട്ടുന്നു. രണ്ട് സ്വകാര്യ ബസുകളും , മൂന്ന് കെ.എസ്ആർ.ടി.സി ബസുകളുമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ മിക്ക ദിവസങ്ങളിലും സർവീസ് മുടക്കുന്നതോടെ 50 രൂപ മുതൽ 250 രൂപ വരെ മുടക്കി വേണം ജനം യാത്ര ചെയ്യാൻ. വെണ്ണിക്കുളം ഗവ.പോളിടെക്‌നിക്,സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്‌കൂൾ , ഗവ.ഹയർ സെക്കൻഡറി എഴുമറ്റൂർ, എൻ.എസ്.എസ് ഹൈസ്‌കൂൾ ചാലാപ്പള്ളി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരുമാണ് യാത്രാക്ലേശം കൂടുതൽ അനുഭവിക്കുന്നത്. രാവിലെ 9.30നും വൈകിട്ട് 4.15നും ഇടയിൽ രണ്ട് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും മുടങ്ങാറുണ്ട്. പുതിയ ഗതാഗതമന്ത്രി ചുമതലയേറ്റത്തോടെ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി എത്തും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. നിലവിലുള്ള സ്വകാര്യ ബസുകളുടെ സർവീസുകൾ മുടക്കം കൂടാതെ നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.