11-mlpy-palam
മല്ലപ്പള്ളി വലിയ പാലത്തിൽ ഇന്നലെ ഉണ്ടായ ഗതാഗതക്കുരുക്ക്‌

മല്ലപ്പള്ളി: വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പായുന്നത് അപകടസാദ്ധ്യത വർദ്ധിക്കുന്നു. ഗതാഗതനിയന്ത്രണത്തിന് അധികൃതരുടെ സേവന ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്‌നം.കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലെ സെൻട്രൽ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ നേരെ തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നത് പതിവ് കാഴ്ചയാണ്.വലിയ വാഹനങ്ങൾക്ക് ഇവിടെ വൺവേ ആണെങ്കിലും പാലിക്കപ്പെടുന്നില്ല. വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. സ്ഥല പരിചയമില്ലാതെ എത്തുന്നവരാണ് ഏറെയും വൺവേ തെറ്റിക്കുന്നത്. ടൗണിലെ വൺവേ സംവിധാനം നൂറു മീറ്റർ ദൂരത്തിൽ മാത്രമുള്ളതാണ്. കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ല റോഡിൽ പ്രവേശിച്ച് സെൻട്രൽ ജംഗ്ഷനിൽ എത്തുന്നതും ബസ് സ്റ്റാൻഡ് റോഡിൽനിന്ന് തിരുവല്ല- കോഴഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിലൂടെ തിരിയുന്നതുമാണ് ടൗണിലെ വൺവേ സംവിധാനം. തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വലിയ വാഹനങ്ങൾ ടൗണിലേക്ക് എത്തേണ്ടത് പഴയ തിയറ്റർ പടിയിലൂടെ അങ്ങാടിപ്പറമ്പ് വഴി കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലൂടെയാണ്. എന്നാൽ കോട്ടയം- കോഴഞ്ചേരി റോഡിൽനിന്ന് വാഹനങ്ങൾ എളുപ്പത്തിനു വേണ്ടി വൺവേ തെറ്റിച്ച് മല്ലപ്പള്ളി - തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു.

ഹോംഗാർഡ് സേവനമില്ല

തിരുവല്ല ഭാഗത്തുനിന്ന് എത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള ഭാരം കയറ്റിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് എത്തരുതെന്നാണ് നിർദേശമെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. റോഡിന്റെ വളവും കുത്തനെയുള്ള ഇറക്കവും വീതിക്കുറവും അപകടമുണ്ടാകാനുള്ള സാദ്ധ്യത വിലയിരുത്തിയാണ് വലിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് വരുന്നത് തടഞ്ഞത്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ഗതാഗത നിയന്ത്രണത്തിന് നേരത്തേ സിഗ്‌നൽ സംവിധാനവും ഹോംഗാർഡിന്റെ സേവനം ഉണ്ടായിരുന്നതാണ്. എന്നാൽ, ഇപ്പോൾ ഒന്നുമില്ലാത്ത സ്ഥിതിയാണ്. പൊലീസിന്റെ സേവനം ടൗണിൽ ലഭ്യമാക്കുന്നതിന് തീരുമാനങ്ങൾ ഉണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.

......................................

സിഗ്‌നൽ ലൈറ്റ് പ്രവർത്തനം നിലച്ചിട്ടും,ഹോം ഗാർഡ് സേവനം ഇല്ലാതായിട്ടും വർഷങ്ങൾ പിന്നിട്ടിട്ടും താലൂക്ക് വികസന സമിതി യോഗം എടുത്ത തീരുമാനങ്ങൾ ഇവിടെ നടപ്പാക്കിയിട്ടില്ല.അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രകാശ്
(ടാക്‌സി ഡ്രൈവർ)​