geetha
മരണമടഞ്ഞ ഗീതാകുമാരി

അടൂർ: ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അടൂർ പെരിങ്ങനാട് ചെറുപുഞ്ച കടയ്ക്കൽ കിഴക്കേതിൽ രമേശിന്റെ ഭാര്യ ഗീതാ കുമാരി (58) ആണ് മരിച്ചത്. പഴകുളം തെങ്ങും താരയിലെ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. സ്കൂട്ടർ ഓടിച്ച കശുഅണ്ടി ഫാക്ടറിയിലെ മറ്റൊരു തൊഴിലാളി പന്നിവിഴ അർച്ചനാലയത്തിൽ ജലജാമണിയെ (48) ഗുരുതര പരിക്കുകളോടെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30 ന് കെ.പി റോഡിൽ പതിനാലാംമൈൽ ലൈഫ് ലൈൻ ആശുപത്രിക്കു സമീപമായിരുന്നു അപകടം. പഴകുളത്തുള്ള കശുഅണ്ടി ഫാക്ടറിയിലേക്ക് പോവുകയായിരുന്നു. പഴകുളം ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന ടിപ്പർ മറ്റൊരു വാഹനത്തെ മറികടന്നപ്പോൾ എതിരെ വന്ന സ്കൂട്ടറിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഗീതാകുമാരിയുടെ തലയിലൂടെ ടിപ്പറിന്റെ ടയർ കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗീതാ കുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: വൈശാഖ്,അശ്വതി. മരുമക്കൾ: ഹരി,രേഷ്മ.