f

പത്തനംതിട്ട: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന ആഗോള മലയാളി പ്രവാസി സംഗമത്തിന്റെ (മൈഗ്രേഷൻ കോൺക്ലേവ് 2024) രജിസ്‌ട്രേഷൻ ഒരു ലക്ഷം കവിഞ്ഞതായി രക്ഷാധികാരി ഡോ.ടി.എം. തോമസ് ഐസക്കും കൺവീനർ എ. പത്മകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
3000 പേർ നേരിട്ടും ഒരുലക്ഷം പേർ ഓൺലൈനായും പങ്കെടുക്കും. 18 മുതൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം, സെന്റ് ജോൺസ് കത്തീഡ്രൽ ഹാൾ, ശാന്തി നിലയം, തിരുവല്ല ഗവ. എംപ്ലോയീസ് ബാങ്ക് ഹാൾ, മാർത്തോമ്മ കോളേജ് എന്നിവിടങ്ങളിലാണ് പരിപാടികൾ. 18ന് വൈകുന്നേരം നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയം ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോസ് കെ. മാണി എംപി, മാത്യു ടി. തോമസ് എംഎൽഎ എന്നിവർ പങ്കെടുക്കും.
19ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കായി ചർച്ചകൾ നടക്കും. ഇന്ത്യ, ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ ആഗോള മേഖലകളായി തിരിച്ചാണ് പ്ലാറ്റ്‌ഫോമുകൾ. കേരളത്തിലെ എല്ലാ മന്ത്രിമാരും നേരിട്ടോ ഓൺലൈനായോ പരിപാടിയുടെ ഭാഗമാകും.
20, 21 തീയതികളിൽ തിരുവല്ല മാർത്തോമ്മ കോളജിൽ പത്തു വേദികളിൽ 60 സെമിനാറുകൾ നടത്തും. 600 പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാല് സർവകലാശാല വൈസ് ചാൻസലർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും. 20ന് വൈകുന്നേരം നാലിന് മാർത്തോമ്മ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രവാസ സാഹിത്യത്തെക്കുറിച്ച് ചർച്ച നടക്കും. എം. മുകുന്ദൻ, ഖദീജ മുംതാസ്, റസൂൽ പൂക്കുട്ടി, ബന്യാമിൻ, ബ്ലസി, സിദ്ധാർഥ് ശിവ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഗസൽ സന്ധ്യ.

ചർച്ച ചെയ്യുന്നത് നാല് വിഷയങ്ങൾ

വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിന്റെ കേന്ദ്ര പ്രമേയം. പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, നാട്ടിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെയുള്ള നൈപുണ്യ പരിശീലനം നൽകുന്നതിനും തൊഴിൽ നൽകുന്നതിനുമുള്ള പരിപാടികൾ, സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിലാണ് ചർച്ച. .