 
കോഴഞ്ചേരി : സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് ആളുകളുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയ യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശാല തച്ചൻവിള പ്രായരക്കൽവിള വീട്ടിൽ സതീഷ് ജപകുമാർ (41 ആണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സംസാരശേഷിയില്ലാത്ത സ്ത്രീയാണ് എന്ന വ്യാജേന വന്ദന കൃഷ്ണ എന്ന ഫേസ് ബുക്ക് എെഡിയിലൂടെ ബന്ധം സ്ഥാപിക്കുകയും വന്ദനയുടെ പിതാവാണെന്നും റിട്ടയേഡ് എസ്.പി യാണെന്നും പറഞ്ഞ് വാസുദേവൻ നായർ എന്ന കള്ളപ്പേരിൽ പരാതിക്കാരനുമായി ഒരേസമയം വാട്‌സാപ്പിലും ഫേസ്ബുക്കിലും ബന്ധം ഉണ്ടാക്കി. വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലു വർഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പത്തനംതിട്ടയിലെ സ്വകാര്യ കോളേജ് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡീസ് സെന്ററായി ഉയർത്താം എന്ന് പറഞ്ഞും പണംതട്ടി. പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.കെ.മനോജ്, എസ് ഐമാരായ അലോഷ്യസ് , നുജൂ, വിനോദ് കുമാർ.എസ്, സി.പി.ഓ സലിം , നാസർ ഇസ്മായിൽ, താജുദ്ദീൻ, സുനജൻ, രാജഗോപാൽ ജിതിൻ ഗബ്രിയേൽ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.