
പത്തനംതിട്ട : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി. ഇന്നലെ വൈകിട്ട് 4.45നാണ് അപകടം. സ്ത്രീകളും സ്കൂൾ കുട്ടികളും ഉൾപ്പടെ നിറയെ യാത്രക്കാരുമായി പത്തനംതിട്ടയിൽ നിന്ന് അടൂർ, ഭരണിക്കാവ് വഴി ചവറയ്ക്കുപോയ ശ്രീമുരുകൻ ബസിനാണ് തീപിടിച്ചത്. ഓമല്ലൂർ അമ്പല ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബസിന്റെ മുൻഭാഗത്ത് തീയും പുകയും കണ്ടു. ഉടൻതന്നെ ഡ്രൈവർ ബസ് നിറുത്തി യാത്രക്കാരെ ഇറക്കി. ഗിയർ ബോക്സിനുള്ളിൽ നിന്ന് തീ ആളിപ്പടർന്നിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. തുടർന്ന് ബയറിംഗും വയറുകളും ഉരുകിവീണ് ബസിനടിയിലേക്കും തീ പടർന്നു. ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ബസ് പിന്നിലേക്ക് തള്ളിമാറ്രി തീ ആളിപടരുന്നത് തടഞ്ഞു. ഇതിനിടെ ഓമല്ലൂർ കുരിശ് ജംഗ്ഷനിലെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എസ്റ്റിംഗുഷർ എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം പത്തനംതിട്ടയിൽ നിന്ന് എത്തിയപ്പോഴേക്കും തീ പൂർണമായും നിയന്ത്രിച്ചിരുന്നു. സ്റ്രാർട്ടർ തകരാറാകാം തീപിടിക്കാൻ കാരണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു.