a
അടൂർ ഫിലിപ്പ്

പത്തനംതിട്ട: എം.സി റോഡിലെ ഏനാത്ത് പാലത്തിനുണ്ടായ തകരാർ പരിഹരിക്കുന്നതിന് ലിഫ്റ്റിംഗ് നടത്തുന്നതിനിടെ ഉണ്ടാകാമായിരുന്ന അപകടം ഒഴിവാക്കുകയും അൻപതിൽപരം ജീവനുകൾ രക്ഷിക്കുകയും ചെയ്ത പി.ഡബ്ല്യു.ഡി മുൻ എൻജിനിയർക്ക് അർഹമായ അംഗീകാരമായില്ല. അടൂർ ഫിലിപ്പാണ് ഏഴുവർഷം മുമ്പ് ഏനാത്ത് പാലത്തിന്റെ ലിഫ്റ്റിംഗ് സമയത്ത് ഇടപെടൽ നടത്തിയത്.

2017 ജനുവരി പത്തിന് തകരാറിലായ പാലത്തിന്റെ തകരാർ നിസാരമാണെന്ന തരത്തിൽ ലിഫ്റ്റ് ചെയ്ത് പ്രശ്നപരിഹാരത്തിന് പൊതുമരാമത്ത് സാങ്കേതിക വിദഗ്ദ്ധർ ശ്രമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഫിലിപ്പ് ഇടപെട്ടത്. വിദേശത്തെ സാങ്കേതികവിദ്യകൾ പഠിച്ചിട്ടുള്ള ഫിലിപ്പിന് ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥ മനസിലായിരുന്നു.. പാലം ലിഫ്റ്റിംഗ് നടത്തിയാൽ താഴെ വീഴുമെന്നും സ്ഥലത്തുള്ള ഉദ്യോഗസ്ഥരടക്കം അൻപതോളം ആളുകളുടെ ജീവൻ അപകടത്തിലാകുമെന്നും മനസിലാക്കിയ ഫിലിപ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഫോണിൽ വിളിച്ച് അപകടവാസ്ഥ ബോദ്ധ്യപ്പെടുത്തി. ലിഫ്റ്റിംഗ് നടത്തുന്നതിന് എട്ടു മിനിട്ട് മുൻപ് സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച ചെയ്തു മന്ത്രി നടപടികൾ നിർത്തിവയ്പിച്ചു. തുടർ പരിശോധനകളിൽ ഫിലിപ്പിന്റെ വാദഗതികൾ അംഗീകരിക്കപ്പെട്ടു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിരവധി സാങ്കേതിക വിദ്യകൾ നൽകിയിട്ടുള്ള ഫിലിപ് സാമാൻ ടെക്നോളജിയുടെ ഉടമയാണ് ഫിലിപ്പ്. പാലം തകർന്നു വീഴാതെ രക്ഷിച്ച ഫിലിപ്പിനെ അഭിനന്ദിച്ച്

അന്നത്തെ മന്ത്രി ജി. സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 10ന് ഫിലിപ്പിന്റെ ഇടപെടൽ അംഗീകരിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കത്തു നൽകി.

തന്റെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ സംരംഭം തുടങ്ങാൻ കാത്തിരുന്ന അടൂർ ഫിലിപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട വായ്പ ലഭിച്ചില്ല. കടക്കെണിയിലായ ഘട്ടത്തിലാണ് തനിക്ക് അംഗീകാരം വേണമെന്ന് ഫിലിപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടത്. തന്റെ ടെക്നോളജി പല ഘട്ടങ്ങളിലും സർക്കാർ പ്രയോജനപ്പെടുത്തിയതിന്റെ റോയൽറ്റി ലഭിച്ചിട്ടില്ല. എന്നാൽ റിവാർഡ് നൽകാൻ ചട്ടമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.