
തുമ്പമൺ : കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ബോധപൗർണ്ണമി തുമ്പമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. പഴയ കാലത്തെ ലഹരി ഉത്പന്നങ്ങൾക്കുപകരം ഇന്ന് മാരകമായ രാസലഹരികൾക്കാണ് പ്രചാരം. ഒരു തവണ ഉപയോഗിക്കുന്നതിലൂടെ തന്നെ ഇത്തരം വസ്തുക്കളുടെ അടിമയായി മാറും.
ലഹരിക്കെതിരെ പൊതുബോധം സൃഷ്ടിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷിബു കെ.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽ കുമാർ പദ്ധതി വിശദീകരണം നൽകി. സിവിൽ എക്‌സൈസ് ഓഫീസർ ആൻഡ് ഡിസ്ട്രിക് വിമുക്തി മെന്റർ ബിനു വി.വർഗീസ് ക്ലാസ്സ് നയിച്ചു. കേരളകൗമുദി സർക്കുലേഷൻ എക്‌സിക്യൂട്ടീവ് രാജേന്ദ്രപ്രസാദ് ആശംസാ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ അലക്‌സ് മാത്യു സ്വാഗതവും സീനിയർ അദ്ധ്യാപിക സൂസൻ കുരുവിള നന്ദിയും പറഞ്ഞു.
പ്രതിസന്ധികളെ തരണം ചെയ്യുന്നവർ വിജയിക്കും
ലഹരിക്ക് പിന്നാലെ പോകാതെ പ്രതിസന്ധികളെ തരണം ചെയ്യുന്നവരാണ് ജീവിത വിജയം കൈവരിക്കുന്നതെന്ന് സിവിൽ എക്‌സൈസ് ഓഫീസർ ആൻഡ് ഡിസ്ട്രിക് വിമുക്തി മെന്റർ ബിനു വി.വർഗീസ് പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് ലഹരിയുടെ ഉപയോഗം മൂലം അസുഖങ്ങളാണ് ഉണ്ടാകുന്നത്. ഇത് ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചിരുന്നു. സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെയാണ് നിയന്ത്രിക്കുന്നത്. എത്ര വലിയ കഴിവുകളുണ്ടെങ്കിലും ലഹരിക്ക് അടിമയായാൽ അതെല്ലാം നിഷ്ഭ്രമമാകും. വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള ലഹരിവസ്തുക്കളെ സ്വയം അകറ്റി നിറുത്തണമെന്നും ലക്ഷ്യ ബോധത്തോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.