mala

ശബരിമല: നാലു ലക്ഷത്തിലധികം ഭക്തർ മകരജ്യോതി ദർശിക്കാൻ എത്തുമെന്ന് കരുതുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, ലഘുഭക്ഷണം, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വർഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദർശനത്തിന് ഒന്നര ലക്ഷത്തിലധികം പേർ എത്തും. ഇവർക്ക് 14,15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. അന്നദാനത്തിന് പുറമേയാണ് ഈ ക്രമീകരണം. പത്ത് പോയിന്റുകളിൽ മകരജ്യോതി ദർശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാവേലികൾ, പ്രകാശ ക്രമീകരണം എന്നിവ സജ്ജമാക്കും.

15ന് ആണ് മകരവിളക്ക്. അന്നേ ദിവസം വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ സ്വീകരിച്ച് കൊടിമരച്ചുവട്ടിൽ എത്തിക്കും. ഇവിടെ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണം തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിൽ കൊണ്ടുപോകും. നടയടച്ച് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. നടതുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകര സംക്രമനക്ഷത്രവും തെളിയുന്നത്.

മകരജ്യോതി ദർശനത്തിന് 10 വ്യൂ പോയിന്റുകൾ

പാണ്ടിത്താവളം, വാട്ടർടാങ്കിന് മുൻവശം, മാരാമത്ത് കോംപ്ലക്‌സിന് മുൻവശത്തെ തട്ടുകൾ, ബി.എസ്.എൻ.എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റംമുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മുൻവശം, ഇൻസിനറേറ്ററിനു മുൻവശം തുടങ്ങിയ പത്ത് വ്യൂ പോയിന്റുകളിൽ നിന്ന് മകരജ്യോതി ദർശിക്കാം. ഇവിടെ തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ദർശനം കോംപ്ലക്‌സ് പരിസരം, മാഗുണ്ട അയ്യപ്പ നിലയം, ഉരൽക്കുഴി എന്നിവിടങ്ങൾ ഉൾപ്പടെ വ്യൂ പോയിന്റുകളിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

പർണ്ണശാല കെട്ടുന്നവർ തീ കൂട്ടുന്നതും പാചകം ചെയ്യുന്നതും പൊലീസ് കർശനമായി നിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ വിരി വയ്ക്കാനും പർണ്ണശാല കെട്ടാനും പാടുള്ളൂ.