റാന്നി: പുതമൺ പുതിയ പാലത്തിന്റെ ടെൻഡർ നടപടികളായതായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ജനുവരി 17 ആണ് ടെൻഡർ നൽകാനുള്ള അവസാന തീയതി . 20 ന് ടെൻഡർ തുറക്കും . 2.60 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
റാന്നി ബ്ലോക്ക്പടി - മേലുകര - കോഴഞ്ചേരി പ്രധാന പാതയിലെ പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിലായത് കഴിഞ്ഞ വർഷമാണ്. അടിത്തറയ്ക്ക് ഉൾപ്പെടെ ബലക്ഷയം കണ്ടെത്തിയതോടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
16.9 മീറ്റർ നീളത്തിലുള്ള പുതിയ പാലത്തിന് 11 മീറ്റർ വീതിയുണ്ട് . രണ്ട് വശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുണ്ട്. വാഹനങ്ങൾക്ക് കടന്നുപോകാൻ 7.5 മീറ്റർ വീതി ലഭിക്കും. ബ്ലോക്ക് പടി - കോഴഞ്ചേരി റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാനായി 30.80 ലക്ഷം രൂപ മുതൽമുടക്കി പെരുന്തോടിന് കുറുകെ നിർമ്മിക്കുന്ന താത്കാലിക പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നു.