റാന്നി : പെരുനാട് കോളാമലയിൽ വീണ്ടും വന്യജീവി ആക്രമണം. വളർത്തു നായയെയാണ് കൊന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളാണ് പെരുനാട് ബഥനി , കോളാമല, കാർമൽ കുടമുരട്ടി, ചണ്ണ എന്നിവ. നേരത്തെ ഇവിടെ കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് നിരവധി വളർത്തു മൃഗങ്ങളെ കടുവ കൊന്നൊടുക്കിയിരുന്നു. പിന്നീട് കടുവയെ കോന്നി വനമേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർക്ക് ആശ്വാസമായത്.

കുടമുരുട്ടി ഭാഗത്ത് പുള്ളോലിൽ മനോഹരന്റെ വീടിന് സമീപം പുലിയെ കണ്ടതായി പറയുന്നു. ഒരാഴ്ച പിന്നിടുമ്പോഴാണ് കൊളമാലയിൽ വളർത്തു നായയെ വന്യമൃഗം കൊന്നത്. കാട്ടാനയും കാട്ടുപന്നിയും ഉൾപ്പടെ ഇവിടെ നാശം വിതക്കുന്നതിനു പിന്നാലെയാണിത്. വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതുമൂലം പലരും കൃഷിയിൽ നിന്ന് പിൻവാങ്ങുകയാണ്. ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണിത്. കടുവയുടെ ആക്രമണത്തെ തുടർന്ന് തോട്ടങ്ങളിലെ കാട് നീക്കം ചെയ്യുന്ന ജോലികൾ തുടങ്ങിയിരുന്നെങ്കിലും കടുവ ചത്തതോടെ ജോലികൾ നിറുത്തി. ഇത് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗശല്യത്തിനെതിരെ വനംവകുപ്പ് കാര്യമായ നടപടി കൾ സ്വീകരിച്ചിട്ടില്ല. വനമേഖലയോടുചേർന്ന് പലയിടത്തും സോളാർ വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും കൃത്യമായി പരിപാലിക്കാത്തതു മൂലം പ്രയോജനമില്ലാതായി.