
പ്രമാടം : വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ പ്രമാടത്ത് കുടിവെള്ള ക്ഷാമം തുടങ്ങി. കിണർ ഇല്ലാതെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ താഴ്ന്ന പ്രദേശങ്ങളിൽ എത്തിയാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. ജല അതോറിട്ടിയുടെ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ പ്രമാടത്തുണ്ട്. എന്നാൽ വേനലിന്റെ കാഠിന്യം അനുസരിച്ച് പമ്പിംഗ് കാര്യക്ഷമമാക്കാത്തത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ 102 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ഇതിന്റെ പ്രയോജനം ലഭിക്കില്ല.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം. 19 വാർഡുകളുണ്ട്. 35000ൽ കൂടുതൽ ജനസംഖ്യയുണ്ട്. അച്ചൻകോവിലാറ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴക്കാലത്തുപോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കാമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്. കാലപ്പഴക്കം കാരണം പ്രധാന പൈപ്പുലൈനുകൾ ഉൾപ്പടെ പൊട്ടി കുടിവെള്ളം മുടങ്ങാറുണ്ട്.
പൊതുടാപ്പുകളിലൂടെയും അറ്റകുറ്റപ്പണി നടക്കാത്തതിനാൽ വ്യാപകമായി വെള്ളം നഷ്ടപ്പെടുന്നുണ്ട്. മാസങ്ങളായി പൈപ്പ് പൊട്ടിയൊഴുകുന്ന പ്രദേശങ്ങളുമുണ്ട്. വേനലിന്റെ തുടക്കത്തിൽ തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയ സാഹചര്യത്തിൽ പൈപ്പുകളുടെയും ടാപ്പുകളുടെയും ചോർച്ച അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്.
മോട്ടോർ തകരാറ്, പൈപ്പ് പൊട്ടൽ
ജല അതോറിറ്റിയുടെ മറൂർ പമ്പ് ഹൗസിലെ മോട്ടോറുകൾ ഇടയ്ക്കിടെ തകരാറിലാകുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. മൂന്ന് മോട്ടോറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് മിക്കപ്പോഴും പ്രവർത്തിക്കുന്നത്. ഇത് ഉപയോഗിച്ച് തുടർച്ചയായി പമ്പിംഗ് നടത്താറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കാറില്ല. മുന്നറിയിപ്പുകളില്ലാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാലാകാലങ്ങളിൽ പമ്പ് ഹൗസിന്റെ വിപുലീകരണത്തിന് തുക അനുവദിക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തുടർച്ചയായുള്ള തകരാറിന് കാരണമെന്നും ആക്ഷേപമുണ്ട്. പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടില്ല. തകരാറുള്ളവ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
102 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതി വൈകും