thiruvabharanam

പന്തളം : മകരസംക്രമനാളിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി വലിയകോയിക്കൽ ധർമ്മ ശാസ്താക്ഷേത്രത്തിന് സമീപമുള്ള മേടക്കല്ലിൽ നിന്ന് ഇന്ന് ശബരിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാർ ശരണമന്ത്രങ്ങളുമായി പന്തളത്തെത്തി. പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയെ അനുഗമിക്കാനാണ് അയ്യപ്പന്മാരും മാളികപ്പുറങ്ങളും വ്രതശുദ്ധിയോടെ എത്തിയത്. പന്തളത്തെ വിവിധ ക്ഷേത്രങ്ങളും സ്ഥലങ്ങളും തീർത്ഥാടകരാൽ നിറഞ്ഞു.

സുരക്ഷയ്ക്ക് വൻ പൊലീസ് സന്നാഹം
പന്തളം: തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് വൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസ് മേധാവി വി.അജിത്ത് ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലും കൊട്ടാരത്തിലുമെത്തി സുരക്ഷാ ക്രമികരണങ്ങൾ വിലയിരുത്തി. നാല് ഡിവൈ.എസ്.പി.മാർ, 10 സി.ഐ, എസ്.ഐ, സിനിയർ സിവിൽ പൊലീസ്, സിവിൽ പൊലീസ്, വനിത ഉൾപ്പെടെ 250 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാണ്ടന്റ് എം.സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസും ബോബുസ്‌ക്വാഡും ഘോഷയാത്രയെ അനുഗമിക്കും.

തൃശൂർ ഫയർഫോഴ്സ് അക്കാദമി റീജിയണൽ ഡയറക്ടർ എം.ജി.രാജേഷ്, അടൂർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 17 അംഗ സംഘം തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമുണ്ടാകും.

ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും

ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. 1.30ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 2ന് കുളനട ഭഗവതിക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് തുറക്കും. 2.15ന് കൈപ്പുഴ ഗുരുമന്ദിരം, മുടപ്പന വഴി 2.30ന് ഉള്ളന്നൂർ ദേവീക്ഷേത്രത്തിലെത്തി തുറക്കും. 3.15ന് കരിയറപ്പടി, പറയങ്കര, തവിട്ടുപൊയ്ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിൽ തുറക്കും. തുടർന്ന് തവിട്ടുപൊയ്കയിൽ തിരിച്ചെത്തി കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രം. 4.30ന് കിടങ്ങന്നൂർ ജംഗ്ഷൻ, 5ന് നാല്ക്കാലിക്കൽ സ്‌കൂൾ ജംഗ്ഷൻ, 5.30ന് ആറന്മുള കിഴക്കേനട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമൺ ക്ഷേത്രത്തിൽ തുറക്കും. 8.30ന് ചെറുകോൽപ്പുഴ ക്ഷേത്രം, 9.30ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നു വയ്ക്കും; സംഘം വിശ്രമിക്കും.
14ന് പുലർച്ചെ 2ന് യാത്ര തുടർന്ന് ഇടപ്പാവൂർ, പേരൂർച്ചാൽ, ആഴിക്കൽകുന്ന് വഴി ഇടക്കുളത്തെത്തി തുറക്കും. തുടർന്ന് റാന്നി വൈക്കം വഴി രാവിലെ 8ന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തി തുറന്നുവയ്ക്കും. 9.30ന് പ്രയാർ ക്ഷേത്രത്തിൽ തുറക്കും. തുടർന്ന് മാടമൺ, പൂവത്തുംമൂട് വഴി 11ന് കൊട്ടാരക്ഷേത്രത്തിലെത്തും. തുടർന്ന് പൂവത്തുംമൂട് കടത്തുകടന്ന് ഉച്ചയ്ക്ക് 2ന് പെരുനാട് ശാസ്താക്ഷേത്രത്തിലെത്തും. 3.30ന് അവിടെ നിന്ന് പുറപ്പെട്ട് 5ന് പെരുനാട് രാജേശ്വരി ക്ഷേത്രത്തിൽ തുറക്കും. 6ന് അവിടെ നിന്ന് പുറപ്പെട്ട് തോട്ടം വഴി 8ന് ളാഹ വനംവകുപ്പ് ഗസ്റ്റ് ഹൗസിലെത്തി പേടകം തുറന്നുവയ്ക്കും, സംഘം വിശ്രമിക്കും.
15ന് പുലർച്ചെ 3ന് ളാഹയിൽ നിന്ന് പുറപ്പെട്ട് രാജാംപാറ വഴി 6ന് പ്ലാപ്പള്ളിയിൽ. 7ന് അവിടെ നിന്ന് പുറപ്പെടും. 8ന് നാറാണംതോട്ടം. 9ന് നിലയ്ക്കൽ ക്ഷേത്രം. അവിടെ നിന്ന് 10.30ന് പുറപ്പെട്ട് അട്ടത്തോട്, കൊല്ലംമൂഴി വഴി ആറിന്റെ ഇടത്തേ തീരത്തുകൂടി ഒലിയമ്പുഴ, കുറങ്കയം വഴി ഉച്ചയ്ക്ക് 1ന് വലിയാനവട്ടം (പാണ്ടിത്താവളം). 2.30ന് അവിടെ നിന്ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി, അപ്പാച്ചിമേട് വഴി 4.30ന് ശബരീപീഠം. 5.30ന് ശരംകുത്തി. 6ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.