
ശബരിമല: ശതാഭിഷിക്തനായ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് ജന്മനക്ഷത്ര ദിനത്തിൽ അയ്യപ്പസന്നിധിയിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. ഇന്നലെ പുലർച്ചെ 3.15ന് ഡോ.കെ.ജെ. യേശുദാസ്, ഉത്രാടം നക്ഷത്രം എന്ന പേരിൽ ഗണപതിഹോമവും നെയ്യഭിഷേകവും 7.30ന് ഉഷഃപൂജയ്‌ക്കൊപ്പം സഹസ്രനാമാർച്ചനയും നീരാജനവും നടത്തി. അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് പ്രസാദം എത്തിക്കാനുള്ള ക്രമീകരണം ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പസ്വാമിയെ ഉണർത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീർത്തനവും ശബരിമലയിൽ കേൾക്കുന്നത് യേശുദാസിന്റെ സ്വരമാധുരിയിലാണ്. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന ഹരിവരാസന പുരസ്‌കാരം ആദ്യമായി ലഭിച്ചത് യേശുദാസിനാണ്.