zakkir
ബസ് സ്റ്റാൻഡ് നിർമ്മാണ പുരോഗതി നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ വിലയിരുത്തുന്നു

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിന്റെ കോംപാക്ടിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്നു കിടന്ന യാർഡിന്റെ ഒന്നാം ഘട്ട നിർമ്മാണമാണ് തുടങ്ങിയത്. നിലവിലെ യാർഡിൽ നിന്ന് 1.10 മീറ്റർ താഴ്ചയിൽ ഉണ്ടായിരുന്ന മണ്ണ് പൂർണമായും നീക്കം ചെയ്തു. ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ഭൂമി നികത്തിയപ്പോൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഉപയോഗിച്ചതിനാൽ തുടർച്ചയായി ഭൂമി താഴുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. 1.10 മീറ്റർ താഴ്ചയിൽ ഈ മണ്ണ് പൂർണ്ണമായും നീക്കം ചെയ്തു . നിലവിലെ യാർഡിൽ നിന്ന് 50 സെന്റി മീറ്റർ ഉയരത്തിൽ ജി.എസ്.പി മിക്‌സ് ഉപയോഗിച്ച് കോംപാക്ട് ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് പൂർത്തിയാകുന്ന മുറയ്ക്ക് 25 സെന്റി മീറ്റർ ഉയരത്തിൽ വിവിധ ലയറുകളിലായി ഇന്ത്യൻ സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ അനുസരിച്ച് ജിഎസ്പി, വെറ്റ് മിക്‌സ് എന്നിവ കോംപാക്ട് ചെയ്ത് നിറയ്ക്കും. പുതിയ ഓടകൾ നിർമ്മിച്ച് വെള്ളം പൂർണമായും ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കും. ഇതോടെ യാർഡിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാകും. അതിനു മുകളിൽ 100 എം.എം ഇന്റർലോക്ക് പാകി ബസ് യാർഡ് നവീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. യാർഡിന്റെ 70 ശതമാനം നിർമ്മാണവും ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കും. ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ രണ്ടു ഘട്ടമായാണ് യാർഡ് നിർമ്മാണം നടത്തുന്നത്. ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ നിർമ്മിക്കും. മൂന്നാം നിലയിൽ ഓഫീസ് സ്‌പേസും നാലാം നിലയിൽ ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും ഉണ്ടാകും.