പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച കൊടുമൺ റൈസ് മില്ലിന്റെ ഉദ്ഘാടനം 15ന് രാവിലെ 10ന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മില്ലിന്റെ നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റൈസ് മില്ലാണിത്. ഒരു ദിവസം 2 ടൺ നെല്ല് പുഴുങ്ങി കുത്തി അരിയാക്കി പാക്ക് ചെയ്യുന്ന പ്രവർത്തനം ഇവിടെ നടക്കും. മില്ലിന്റെ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. ആധുനിക സംവിധാനമുള്ള യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന നെല്ല് സ്ഥാപനത്തിൽ സംസ്‌കരിക്കാൻ കഴിയും. കൊടുമൺ ഗ്രാമപഞ്ചായത്തു വക ഒറ്റത്തേക്കിലുള്ള സ്ഥലത്താണ് മില്ല് . ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് കൊടുമൺ ഫാർമേർഴേ്‌സ് പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. 'കൊടുമൺ റൈസ്' എന്നപേരിൽ കഴിഞ്ഞ 5 വർഷമായി കൊടുമണ്ണിൽ കർഷക ഉല്പാദക സംഘം അരി ഉല്പാദിപ്പിച്ച് വില്പന നടത്തിവരികയാണ്. ഗുണമേന്മയുള്ള അരി ജനങ്ങൾക്ക് നല്കാൻ പുതിയ റൈസ് മില്ലിന് കഴിയും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി. പ്രസാദ് സ്വിച്ച് ഓൺ കർമ്മവും മില്ലിൽ ഉല്പാദിപ്പിക്കുന്ന അരിയുടെ വിതരണ ഉദ്ഘാടനം മന്ത്രി വീണാജോർജ്ജും നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം. പി, കളക്ടർ എ. ഷിബു തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബീനാ പ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. അജയകുമാർ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യൂ, ക്യഷി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് ഷെരീഫ് എന്നിവരും പങ്കെടുത്തു.