
ശബരിമല: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിലയ്ക്കലിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നു. പ്ലാസ്റ്റിക് നിരോധിത മേഖലയായ നിലയ്ക്കലിൽ ടൺകണക്കിന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതും കുപ്പിവെള്ളത്തിന് ഇരട്ടി വില ഈടാക്കുന്നതും സംബന്ധിച്ച് നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി അനധികൃത കച്ചവടവും നിരോധിത ഉത്പന്നങ്ങളുടെ വില്പനയും തടയാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും ലീഗൽ മെട്രോളജി വകുപ്പും നടപടിയെടുക്കണമെന്ന് 5ന് കർശനമായി നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളവും ശീതള പാനീയവും വിതരണം ചെയ്യുന്നുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എരുമേലി, പമ്പ, ശരണപാത എന്നിവിടങ്ങളിലും കച്ചവടക്കാരെ നിരീക്ഷിക്കണമെന്നും അന്യസംസ്ഥാനക്കാരായ ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഇതിനായി ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ കോടതിയുടെ നിർദ്ദേശങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്ലാസ്റ്രിക് മാലിന്യങ്ങൾ വനത്തിലേക്കാണ് തള്ളുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളുടെയും വെള്ളത്തിന്റെയും ഗുണനിലവാരം ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്.
'തീർത്ഥാടകർക്ക് കുടിവെള്ളമെത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടില്ല. പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ വെള്ളവും ശീതള പാനീയവും വിൽക്കുന്നവർക്കെതിരെ ഒരു ലക്ഷത്തിലധികം രൂപം പിഴ ഈടാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് കുടിവെള്ളമെത്തിക്കാതെ കോടതി ഉത്തരവ് നടപ്പിലാക്കാനാകില്ല. "
-സൂരജ് ഷാജി,
നിലയ്ക്കൽ എ.ഡി.എം