
പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ശരണമന്ത്രങ്ങളുടെ അകമ്പടിയിൽ പന്തളത്തു നിന്ന് പുറപ്പെട്ടു. നാളെ വൈകിട്ട് ശബരിമലയിലെത്തും. പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി കാരണം പരമ്പരാഗത ചടങ്ങുകളില്ലായിരുന്നു. ഘോഷയാത്രയെ അനുഗമിക്കാൻ രാജപ്രതിനിധിയുമില്ല. സ്രാമ്പിക്കൽ കൊട്ടാരത്തിൽ വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ രാവിലെ കൈപ്പുഴ ശിവക്ഷേത്രം മേൽശാന്തി കേശവൻ പോറ്റി പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി. അശുദ്ധി ഇല്ലാത്ത കൊട്ടാരം ബന്ധുക്കൾ തിരുവാഭരണ പേടകങ്ങൾ വാഹക സംഘത്തിന്റെ ശിരസിലേറ്റിക്കൊടുത്തു. തുടർന്ന് രാവിലെ ഏഴുമണിയോടെ കൊട്ടാരത്തിന്റെ ഭാഗമായ പുത്തൻമേടയുടെ മുറ്റത്തേക്ക് പേടകങ്ങൾ എഴുന്നള്ളിച്ചു. പുത്തൻമേടത്താഴയിലെ പൂപ്പന്തലിൽ പേടകങ്ങൾ തുറക്കാതെ ദർശനത്തിനു വച്ചു.
ഉച്ചയ്ക്ക് ഒന്നിന് ശ്രീധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി നീരാഞ്ജനമുഴിഞ്ഞു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകവും മരുതമന ശിവൻപിള്ള വെള്ളിയാഭരണങ്ങളും മറ്റും അടങ്ങിയ കലശപ്പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയും ശിരസിലേറ്റിയതോടെ ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പഭക്തരുടെ അകമ്പടിയിൽ ഘോഷയാത്ര പുറപ്പെട്ടു. 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും അഗ്നിരക്ഷാസേനയും ഒപ്പമുണ്ട്.
ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. നാളെ ഉച്ചയ്ക്ക് നീലിമലയിലെത്തും. വൈകിട്ട് ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന ഗുരുസ്വാമിയിൽ നിന്ന് മേൽശാന്തിയും തന്ത്രിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.