മല്ലപ്പളളി : പഞ്ചപാണ്ഡവരുടെ ഓർമ്മകൾ ഉറങ്ങുന്ന കല്ലൂപ്പാറ പഞ്ചായത്തിലെ അഞ്ചിലവ് സായാഹ്ന പാർക്കിലെ ഇലവുകൾ പൂത്തുതളിർത്തു. പറയാൻ ഒരുപാട് വിശേഷങ്ങളുള്ള ഇവിടെ ഇലവിന്റെയും ,പാർക്കിന്റെ സംരക്ഷണത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. പാണ്ഡവർ വനവാസകാലത്ത് ഇവിടെ വന്നുപോയെന്നും അവർ വടിയായി ഉപയോഗിച്ചിരുന്ന ഇലവിന്റെ കമ്പുകൾ ഇവിടെ നാട്ടിയെന്നും അവ വളർന്ന് അഞ്ചിലവ് വൃക്ഷങ്ങളായി മാറിയെന്നും വിശ്വാസമുണ്ട്. 1972 ൽ ഇലവുമരങ്ങൾ കടപുഴകിയെങ്കിലും അഞ്ചിലവിന്റെ സ്മരണ നിലനിറുത്തുന്നതിനായി എം.ജി.ഡി ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്ന വി.ജോർജ് ഇരുമേടയിൽ വനംവകുപ്പുമായി ബന്ധപ്പെട്ട് ഇലവ് തൈകൾ സംഘടിപ്പിച്ച് വീണ്ടും നട്ടിരുന്നു. കേരളപ്പിറവിയുടെസുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ കല്ലൂപ്പാറ പഞ്ചായത്ത് അഞ്ചിലവിനെ സുവർണ്ണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കുകയും പാർക്കിന്റെ മുഖച്ഛായക്ക് മാറ്റം വരുത്തുകയും ചെയ്തിരുന്നു. അഞ്ചിലവിന് പഴയ പ്രതാപം ഇന്നില്ലെങ്കിലും അധികാരികളുടെ കണ്ണുതുറന്നാൽ താലൂക്കിലെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുവാൻ കഴിയുന്ന ഒന്നാണിത്. അഞ്ചിലവ് സായാഹ്ന പാർക്ക് എന്നാണ് അറിയപ്പെടുന്നതെങ്കിലും നാല് ഇലവു വൃക്ഷങ്ങൾ മാത്രമാണ് ഇവിടെ നിലവിലുള്ളത്.
.......................
ചപ്പുചവറുകളും ഒഴിഞ്ഞ കുപ്പികളും പാഴ് വസ്തുക്കളും നീക്കം ചെയ്ത് വൈകുന്നേരങ്ങളിൽ മുതിർന്ന പൗരന്മാർക്ക് വിശ്രമസ്ഥലമായി മാറ്റുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം
(പ്രദേശവാസികൾ)