
അടൂർ: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് . ഇതിന് മുന്നോടിയായി നടന്ന കൊടിയേറ്റ് സദ്യയിൽ നൂറ്കണക്ക് ആളുകൾ പങ്കെടുത്തു. ദീപാരാധനയ്ക്ക് ശേഷം ശ്രീകോവിലിനു മുൻപിൽ നിറപറയും നിലവിളക്കും ഒരുക്കി പാണി കൊട്ടി കൊടിക്കൂറ പൂജിച്ചു.ദേവ ചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ച ശേഷം പാണി കൊട്ടി കൊടിമര ചുവട്ടിലേക്ക് ആനയിച്ചു. കൊടിമര ചുവട്ടിൽ നീരാജനം, ധ്വജ പൂജ, അഷ്ടദിക് പാലക പൂജ എന്നിവ നടത്തി. ശേഷം വിശേഷാൽ പൂജകളും നടന്നു.ക്ഷേത്ര മേൽശാന്തിമാരായ മനേഷ് പോറ്റി, ലാൽ പ്രസാദ് പോറ്റി എന്നിവർ സാഹകാർമ്മികത്വം വഹിച്ചു. കൊടിയേറ്റിനു ശേഷം ശ്രീ ഭൂതബലി എഴുന്നള്ളത്തും, ഭക്തിഗാനസുധയും നടന്നു.ഇന്ന് മുതൽ എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെയും വൈകിട്ടും 7.30 മുതൽ ശ്രീബലി, ശ്രീഭൂതബലി എഴുന്നള്ളത്ത് ഉണ്ടായിരിക്കും. പകൽ 10 മുതൽ നവകം, കലശാഭിഷേകവും ഉച്ചക്ക് 1 മുതൽ അന്നദാനം. കൊടിയിറക്ക് വരെ എല്ലാദിവസവും കൊടിക്കീഴിൽ പറയിടീൽ വഴിപാടും ഉണ്ടാകും. എല്ലാദിവസവും രാവിലെ 6ന് വിഷ്ണു സഹസ്രനാമ ജപം, 8 മുതൽ നാരായണീയ പാരായണം, ഭാഗവത പാരായണം, വൈകിട്ട് 5 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം. വിവിധ ദിവസങ്ങളിലായി നൃത്ത നൃത്യങ്ങൾ, നാദസ്വര കച്ചേരി, കീർത്തന സന്ധ്യ, കഥാപ്രസംഗം ഗീതാ പാരായണം , ഓട്ടൻ തുള്ളൽ, ഗാനമേള എന്നിവയും നടക്കും.