b

റാന്നി: പുതമൺ താത്കാലിക പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ചെറു വാഹനങ്ങളാണ് ആദ്യം കടത്തിവിടുക . 4 ദിവസത്തോളം ചെറിയ വാഹനങ്ങൾ കടത്തിവിട്ടതിനു ശേഷം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം വീണ്ടും പരിശോധിച്ച ശേഷമാകും വലിയ വാഹനങ്ങൾ കടത്തിവിടുക. അമിത ഭാരവുമായെത്തുന്ന വലിയ ടോറസുകൾ ഒഴികെ മറ്റെല്ലാ വാഹനങ്ങളും കടത്തിവിടാനാകുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം വരുന്നതുവരെ താത്കാലിക പാത പണിതത്.
പ്രതികൂല കാലാവസ്ഥയും സാങ്കേതിക തടസ്സങ്ങൾ മൂലവുമാണ് നിർമ്മാണം വൈകിയത്. പെരുന്തോട്ടിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് നികത്തിയാണ് പാത നിർമ്മിച്ചത്. ശക്തമായ മഴയിൽ പെരുന്തോട്ടിലെ ജലനിരപ്പ് പലപ്പോഴും ഉയർന്നത് പാതയുടെ നിർമ്മാണം വൈകാൻ ഇടയാക്കി. പാതയുടെ കോൺക്രീറ്റ് പൂർത്തിയാക്കി അപ്രോച്ച് റോഡുകൾ കോൺക്രീറ്റ് ചെയ്തുകഴിഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം കനാൽ തുറന്നു വിട്ടപ്പോൾ തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളം കയറി അപ്രോച്ച് റോഡിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിട്ടത്. ഇവിടുത്തെ ചെളികൾ നീക്കം ചെയ്ത് ഇവിടെ തെങ്ങിൻ കുറ്റികൾ അടിച്ചുറപ്പിച്ചാണ് ഇപ്പോൾ റോഡ് ബലപ്പെടുത്തിയിരിക്കുന്നത്.അഡ്വ പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ സന്തോഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി , കെ ആർ പ്രകാശ്, രാധാകൃഷ്ണൻ നായർ , ഗോപകുമാർ ,ജോമോൻ ജോസ്
അമ്പിളി വാസുക്കുട്ടൻ,ഗോപകുമാർ , ഹരിപ്രസാദ് ,റോയി ഓലിക്കൽ ,സജി തേവർ കാട്ടിൽ, അസി എക്സി എൻജിനീയർ സുഭാഷ് എന്നിവർ സംസാരിച്ചു

30.60 ലക്ഷം രൂപയാണ് ചെലവ്