പത്തനംതിട്ട: വിവാഹമോചന കേസുകളുടെ വലിയ തോതിലുള്ള വർദ്ധന കണക്കിലെടുത്ത് വിവാഹപൂർവ്വ കൗൺസലിംഗ് ക്ലാസുകൾ സർക്കാർ മുൻകൈയെടുത്ത് നിർബന്ധമാക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം പറഞ്ഞു. കുടുംബബന്ധങ്ങളുടെ ഭദ്രതയും പവിത്രതയും ഉറപ്പാക്കുവാൻ പുതിയ തലമുറയ്ക്ക് ജീവിതവിദ്യാഭ്യാസം അനിവാര്യമാണ്. മാന്നാർ എസ്.എൻ.ഡി.പി യൂണിയനിലെ 37 11-ാം കുളഞ്ഞിക്കാരാഴ്മ ശാഖയിലെ കുടുംബയോഗങ്ങളുടെ 18-ാമത് വാർഷികാഘോഷവും മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരംഗം ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് എം. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം സിന്ധു സോമരാജൻ വനിതാ സംഘം ബുധനൂർ മേഖലാ ചെയർപേഴ്‌സൺ സിന്ധു സജീവൻ,ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠം, വൈസ് പ്രസിഡന്റ് ജി വിവേകാനന്ദൻ, യൂണിയൻ കമ്മിറ്റിയംഗം പ്രദീപ് കുമാർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സുജാ സുരേഷ് സെക്രട്ടറി ലതാ ഉത്തമൻ അനശ്വരീയം കുമാരി സംഘം പ്രസിഡന്റ് അശ്വതി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. കുളഞ്ഞിക്കാരാഴ്മ ശാഖാ കുടുംബയോഗം രക്ഷാധികാരി കെ.ശിവരാമൻ സ്വാഗതവും വനിതാ സംഘം യൂണിറ്റ് വൈസ് പ്രസിഡന്റ് സുജാ വിവേക് കൃതജ്ഞതയും പറഞ്ഞു.