
പത്തനംതിട്ട : ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണനെ കണ്ടുവണങ്ങി പൂജാരിയിൽ നിന്ന് പ്രസാദവും വാങ്ങി ദേവീനടയിൽ എത്തിയാൽ ആരുമൊന്ന് അതിശയിക്കും. കണ്ണന്റെ നടയിൽ പ്രസാദം നൽകിയ പൂജാരി തന്നെ ദേവീനടയിലും. നോട്ടവും വർത്തമാനവും ചിരിയുമെല്ലാം ഒരുപോലെ. കൗതുകത്തോടെ നോക്കിനിന്നാൽ ഇരുവരും അടുത്തെത്തും, പരിചയപ്പെടും. ചെങ്ങന്നൂർ കല്ലിശ്ശേരി ഉമയാറ്റുകരമുറി കല്ലൂർ ഇല്ലത്തെ നാരായണൻ നമ്പൂതിരിയുടെ ഇരട്ടമക്കളായ പ്രകാശ് നമ്പൂതിരിയും പ്രമോദ് നമ്പൂതിരിയുമാണിത്. കഴിഞ്ഞ ഒരു വർഷമായി ഉളനാട് ക്ഷേത്രത്തിലുണ്ട് ഇരുവരും. ഇരട്ടക്കുട്ടികൾക്ക് ചോറൂണ് നടത്താൻ ക്ഷേത്രത്തിലെത്തുമ്പോൾ ഇരട്ട സഹോദരങ്ങൾ കാർമ്മികരാകുന്നത് അപൂർവ കാഴ്ചയാണ്.
സന്താനസൗഭാഗ്യത്തിന് വെണ്ണ, കദളിപ്പഴം, ഉണ്ണിയപ്പം, ലഡു, അവൽ, പഞ്ചസാര, കൽക്കണ്ടം, ശർക്കര, ഉണക്കമുന്തിരി എന്നിവ നിറച്ചുള്ള ഉറി ഉണ്ണിക്കണ്ണന് സമർപ്പിക്കുന്നതാണ് ക്ഷേത്രത്തിലെ മുഖ്യചടങ്ങ്. ഉറി സമർപ്പണത്തിന് ഇരട്ട സഹോദരങ്ങൾ കാർമ്മികരായാൽ ഫലമുറപ്പെന്ന് വിശ്വാസികൾ.
പിതാവ് നാരായണൻ നമ്പൂതിരിയും ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. പത്ത് വയസുമുതൽ പ്രകാശിനും പ്രമോദിനും ഉളനാട് ക്ഷേത്രവുമായി ബന്ധമുണ്ട്. ഇപ്പോൾ നാൽപ്പത്തിരണ്ട് വയസായി. ഇതിനിടെ വിവിധ ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി. വിവിധ ക്ഷേത്രങ്ങളിൽ ജീവിത എഴുന്നെള്ളിക്കുന്നതും ഇരുവരും ചേർന്നാണ്. നേരത്തെ വടശ്ശേരിക്കര മുണ്ടങ്കാവ് ഭഗവതി ക്ഷേത്രത്തിലും ഒരുമിച്ച് ശാന്തി ചെയ്തിട്ടുണ്ട്. അച്ഛനും അമ്മ രുക്മിണി അന്തർജനത്തിനുമൊപ്പം ഇല്ലത്താണ് പ്രമോദ് നമ്പൂതിരിയുടെ താമസം. ഭാര്യ : ശ്രീലക്ഷ്മി, മകൻ : ദേവനാരായണൻ. പ്രകാശ് നമ്പൂതിരി ഭാര്യ സിതാരയ്ക്കും മക്കളായ ആദിദേവിനും അമൃതശ്രീക്കുമൊപ്പം സമീപത്തെ വീട്ടിലാണ്. ഇരട്ടകൾ ആണെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ആദ്യം ജനിച്ചത് പ്രമോദ് നമ്പൂതിരിയാണ്. ഇവരുടെ ജേഷ്ഠൻ വിനോദ് സർക്കാർ സർവീസിലാണ്.