
പത്തനംതിട്ട : ഭരണസിരാകേന്ദ്രമായ കളക്ടറേറ്റ് വളപ്പിൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയുടെ സ്മാരകമായി ജില്ലാ പ്ളാനിംഗ് ഒാഫീസ് കെട്ടിടം. എട്ടുവർഷം മുൻപാണ് ആറുനിലയുടെ പണി തുടങ്ങിയത്. രണ്ടുവർഷം കൊണ്ട് പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. പറയുന്ന സമയത്തിനുള്ളിൽ സർക്കാർ കെട്ടിടങ്ങളുടെ പണി പൂർത്തിയായ ചരിത്രമില്ലെങ്കിലും, പ്ളാനിംഗ് ഒാഫീസിന്റെ നിർമ്മാണം എട്ടാംവർഷത്തിലേക്ക് നീണ്ടത് അപമാനമായി. മന്ത്രിമാരും ജില്ലാകളക്ടറും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം കളക്ടറേറ്റിലേക്ക് എത്തുന്നത് പ്ലാനിംഗ് പിഴച്ച കെട്ടിടത്തിന് മുന്നിലൂടെയാണ്. കാടുകയറിയ കെട്ടിടം തെരുവ് നായകളുടെയും മരപ്പട്ടികളുടെയും താവളമായി. വെള്ളയും നീലയും പെയിന്റടിച്ച കെട്ടിടത്തിന്റെ ചുവരുകളിൽ പായൽ കയറി. പ്രവൃത്തി ദിവസങ്ങളിൽ ഇവിടം പാർക്കിംഗ് കേന്ദ്രവുമാകും. വൈദ്യുതീകരണവും റൂഫിംഗും അവസാനഘട്ട മിനുക്ക് പണികളുമാണ് ബാക്കി. പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
11.87 കോടി പാഴാകുമോ ?
ഇതുവരെ 8.10 കോടി രൂപ ചെലവായി. 8.25 കോടിയുടെ പദ്ധതിയാണിത്. അവസാനഘട്ട പണികൾക്കായി നാലുകോടി രൂപയുടെ അധിക എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. പൊതുമരാമത്തിന് 3.62 കോടി രൂപ അടച്ചിട്ടുണ്ട്.
നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചതും ജി.എസ്.ടി 12 മുതൽ 18 ശതമാനം വരെ ഉയർന്നതും കാരണം ഭരണാനുമതി തേടാതെ പൊതുമരാമത്ത് അധികൃതർ റിവൈസ്ഡ് പ്ലാൻ എടുത്തിരുന്നു. പണിഘട്ടമായി തീർക്കാതെ ഒന്നിച്ച് ചെയ്യണമെന്ന് സർക്കാർ നിർദേശം കൂടി നൽകിയതോടെ കാലതാമസം നേരിട്ടു.
പലയിടത്തായി പ്ളാനിംഗ് ഒാഫീസ്
പ്ളാനിംഗ് വിഭാഗത്തിന്റെ ഒാഫീസുകൾ കളക്ടറേറ്റിലും മിനിസിവിൽ സ്റ്റേഷനിലുമായാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടും ഒരുകെട്ടിടത്തിലാക്കിയാൽ സൗകര്യങ്ങളേറെയാണ്. നിലവിൽ പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങൾ കളക്ടറേറ്റിലും രണ്ട് വിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.
ആറുനിലകെട്ടിടത്തിലാണ് പുതിയ പ്ലാനിംഗ് ഓഫീസ്, താഴത്തെ നിലയും തൊട്ടു മുകളിലത്തെ നിലയുടെ പകുതിയും പാർക്കിംഗ്, തുടർന്നുള്ള മൂന്നു നിലകൾ ഓഫീസുകൾ, ആറാം നില കോൺഫറൻസ് ഹാൾ എന്നിങ്ങനെയാണ് വിഭാവനം ചെയ്തത്.
ഒരുകോടി കിട്ടിയാൽ പണി
തീർക്കാമെന്ന് പൊതുമരാമത്ത്
ഒാഫീസ്, കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലെ ഇന്റീരിയർ ജോലികളും അഗ്നിശമന സംവിധാനങ്ങളുമാണ് ഇനി ബാക്കിയുള്ളതെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. ഇതിനുള്ള ഒരു കോടിയുടെ എസ്റ്റിമേറ്റ് പ്ളാനിംഗ് ഒാഫീസിന് നൽകിയിട്ടുണ്ട്. ഫണ്ട് ഉടനെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.