പന്തളം : നിയന്ത്രണംവിട്ട സ്വകാര്യബസ് പാലത്തിലേക്ക് ഇടിച്ചു കയറി.പന്തളം - പത്തനംതിട്ട റോഡിൽ കടക്കാട് ദേവീക്ഷേത്രത്തിനു സമീപം കല്ലുപ്പാലത്തിലായിരുന്നു അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12 .45 ന് പത്തനംതിട്ടയിൽ നിന്ന് പന്തളത്തേക്ക് വരികയായിരുന്ന ശിവശക്തി ബസാണ് അപകടത്തിൽപ്പെട്ടത്. ഉള്ളന്നൂർ ചരുവിൽ കുഞ്ഞുമോൾ (52) ഇടപ്പോൺ വാലിൽ തങ്കമ്മ (79) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഓട്ടത്തിനിടയിൽ സ്റ്റിയറിംഗുമായുള്ള ബന്ധം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗത്തുള്ള കോൺക്രീറ്റ് കലുങ്കിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് അമിത വേഗതയിൽ അല്ലായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. പന്തളം പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.