inagu
ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവത്തോടനുബന്ധിച്ച് നടന്ന സംഘടനാ സമ്മേളനം എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : എസ്.എൻ.ഡി.പിയോഗത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവത്തോടനുബന്ധിച്ച് നടന്ന സംഘടനാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങൾ നടത്തി യോഗത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ചില സമുദായംഗങ്ങൾ നടത്തുന്ന കുത്സിത ശ്രമങ്ങളെ തിരിച്ചറിയണം. യോഗത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം കൂട്ടായ്മകൾ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം പറഞ്ഞു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പിയോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സംഘടനാസന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, സെക്രട്ടറി ശശിധരൻ എന്നിവർ പ്രസംഗിച്ചു.