
ശബരിമല: ഭക്തസഹസ്രങ്ങൾക്ക് പുണ്യദർശനമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശ നീലിമയിൽ മകര സംക്രമ നക്ഷത്രവും തെളിഞ്ഞു. പൂങ്കാവനത്തിലെ പതിനെട്ടു മലകളിലും സന്നിധാനത്തും ശരണാരവം ഉയർന്നു. മഹാപുണ്യം മനസിൽ നിറച്ച് തീർത്ഥാടകർ മലയിറങ്ങിത്തുടങ്ങി.
പന്തളത്ത് നിന്നുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ട് 5.45ന് ശരംകുത്തിയിൽ എത്തി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും അയ്യപ്പസേവാസംഘം പ്രവർത്തകരും ചേർന്ന് സ്വീകരിച്ച് പതിനെട്ടാംപടിയിലൂടെ 6.35ന് കൊടിമരച്ചുവട്ടിലെത്തിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തിലെത്തിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണ പേടകം സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോയി. നടയടച്ചശേഷം തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. നടതുറന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിഞ്ഞു. മകരജ്യോതി ആദ്യം തെളിഞ്ഞത് 6.47നാണ്. തുടർന്ന് നിമിഷങ്ങളുടെ ഇടവേളകളിൽ രണ്ട് തവണ കൂടി തെളിഞ്ഞു. ഈ സമയം ഭക്തരുടെ ശരണഘോഷത്താൽ പൂങ്കാവനം മുഖരിതമായി. സുപ്രിം കോടതി ജഡ്ജി സി.ടി. രവി, റിട്ട . ജഡ്ജ് അജിത് പസായത്, വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, തോട്ടത്തിൽ രവീന്ദ്രൻ, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, എ.ഡി.എം സൂരജ് ഷാജി, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ എ. ഷിബു, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ, തിരുവാഭരണം കമ്മിഷണർ സി. സുനില , ചലച്ചിത്ര താരം ദിലീപ്, സംവിധായകൻ വിഘ്‌നേഷ് ശിവൻ എന്നിവരും സന്നിധാനത്ത് എത്തിയിരുന്നു. 20ന് രാത്രി നട അടയ്ക്കുംവരെ ഭക്തർക്ക് ശബരീശ ദർശനം നടത്താം. 21ന് പുലർച്ചെ തിരുവാഭരണം പേടകം പന്തളത്തേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ മകരവിളക്ക് മഹോത്സവം സമാപിക്കും.