
കൊടുമൺ : കേരളത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതിൽ ആദ്യ ഗഡു ഈ വർഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കൊടുമൺ റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനം കൊടുമൺ ഒറ്റത്തേക്ക് മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പ്രവർത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് വേൾഡ് ബാങ്കിൽ നിന്ന് ഈ തുക ലഭിക്കുന്നത്. ആദ്യമായാണ് കേരളത്തിൽ ഇത്രയും വലിയ തുക ചെലവഴിച്ച് കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നത്. മൂല്യവർധിത കൃഷി, ഉത്പന്നം എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും. അതിനായി കാപ്‌കോ എന്ന പേരിൽ കമ്പനി രൂപീകരിച്ചു. കമ്പനിക്ക് ലൈസൻസും ലഭിച്ചു. അടുക്കളയുടെ പ്രാധാന്യം കുറയുമ്പോൾ ആശുപത്രിയുടെ പ്രാധാന്യം കൂടുകയാണ്. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു കോടി രൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിനു നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു. വിലക്കുറവുള്ളവ വാങ്ങുകയെന്ന ശീലം വസ്ത്രം വാങ്ങുമ്പോഴും സ്വർണം വാങ്ങുമ്പോഴും നമ്മൾ പാലിക്കാറില്ല. ഭക്ഷ്യസാധനങ്ങൾ വാങ്ങുമ്പോൾ വില നോക്കും. ഒട്ടും മായം കലരാത്ത അരിയാണ് കൊടുമൺ റൈസന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാപ്രഭ, അഡ്വ.ആർ.ബി.രാജീവ് കുമാർ, എ.എൻ.സലിം, കുഞ്ഞന്നാമ്മക്കുഞ്ഞ്, ധന്യാദേവി, രേവമ്മ വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്തിൽ നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ആധുനിക റൈസ് മിൽ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം രണ്ട് ടൺ നെല്ല് സംസ്‌കരിച്ച് അരിയാക്കി മാറ്റാൻ കഴിയും. ജില്ലാ പഞ്ചായത്തും കൊടുമൺ ഗ്രാമപഞ്ചായത്തും ചേർന്നു കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെയാണ് മില്ല് പ്രവർത്തിപ്പിക്കുക.
കൃഷി വളരണം
കേരളത്തിന്റെ എല്ലാ മേഖലകളിലും കൊടുമൺ റൈസ് എത്തിക്കഴിഞ്ഞു.
നല്ല ഭക്ഷണത്തിന് മായം കലരാത്ത നല്ല അരി വേണം. വില മാത്രം നോക്കരുത്, ഗുണനിലവാരം കൂടി നോക്കണം. ആര്യന്മാരുടെ കാലം മുതൽ കൃഷി ചെയ്തുവരുന്ന രക്തശാലി നെൽവിത്താണ് കൊടുമണ്ണിലെ ഏലകളിൽ കൃഷി ചെയ്തത്. ഇതിന്റെ കഞ്ഞിവെള്ളത്തിന് ഔഷധഗുണമുണ്ട്. കാർഷിക വിളകൾക്ക് സംരക്ഷണം നൽകാൻ കൃഷിഭവൻ കേന്ദ്രീകരിച്ച് നടപടി സ്വീകരിക്കും. തരിശായി കിടക്കുന്ന മുഴുവൻ നെൽവയലുകളും കൃഷി ചെയ്യണം. അതിനായി കർഷകർ മുന്നോട്ടുവരണം.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ