
തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ പടയണി മഹോത്സവം ആരംഭിച്ചു. ശ്രീവല്ലഭക്ഷേത്രത്തിൽ നിന്ന് ആചാരപ്രകാരം കീഴ്ശാന്തി കുത്തുവിളക്കിലേക്ക് അഗ്നിപകർന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിലേക്ക് ദീപഘോഷയാത്ര നടത്തി. ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരി ക്ഷേത്രത്തിലെ വിളക്കിൽ ദീപം തെളിച്ചു. പടയണി ആചാര്യൻ പ്രസന്നകുമാർ തത്വമസി പടയണി കളത്തിലെ ചൂട്ടിലേക്ക് ദീപം പകർന്നു. ഇന്നലെ ചൂട്ടുപടയണി നടന്നു. ഇന്ന് രാത്രി എട്ടിന് പഞ്ചകോലങ്ങൾ കളത്തിലെത്തും. ബുധനാഴ്ച ചെറിയപടയണി. വ്യാഴാഴ്ച വലിയപടയണി. രാത്രി എട്ടിന് താവടി, പുലവൃത്തം, പക്ഷിക്കോലം, സുന്ദരയക്ഷി, അന്തരയക്ഷി, നാഗയക്ഷി, അരക്കിയക്ഷി, മാടൻ, കരിമറുത, കാലൻ കോലം, ഭൈരവി കോലങ്ങളും കളത്തിലെത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മംഗളഭൈരവി കോലവും കളത്തിലെത്തും. മതിൽഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട്, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ആർ.പി.ശ്രീകുമാർ ശ്രീപദ്മം, ജിതീഷ്, രാജശേഖരൻ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.