ശബരിമല : തിരക്ക് നിയന്ത്രണങ്ങളെയെല്ലാം നിഷ്ഭ്രമമാക്കി പൂങ്കാവനത്തിലേക്ക് ഒഴുകിയെത്തിയത് ഭക്തലക്ഷങ്ങൾ. വെർച്വൽ ക്യൂ ബുക്കിംഗ് കുറച്ചും സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കിയും തിരക്ക് നിയന്ത്രിക്കാനാണ് പൊലീസ് പരിശ്രമിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇന്നലെ രാവിലെ 11ന് ശേഷം തീർത്ഥാടകരെ കയറ്റുന്നതിനും വിലക്കേർപ്പെടുത്തി. എന്നാൽ നാലുദിവസം മുൻപുതന്നെ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തി പൂങ്കാവനത്തിൽ പർണ്ണശാലകൾ നിർമ്മിച്ച് മകരജ്യോതി ദർശനത്തിനുള്ള കാത്തിരിപ്പ് ആരംഭിച്ചു. നിയന്ത്രണങ്ങളെ മറികടക്കാൻ ഭക്തർ നേരത്തെതന്നെ എത്തിയതോടെ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. സന്നിധാനം പാണ്ടിത്താവളത്തിൽ മാത്രം 60000ൽ അധികം അധികം തീർത്ഥാടകർ തമ്പടിച്ചു. ഇതിനുപുറമേ പാണ്ടിത്താവളം വാട്ടർ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുൻവശത്തെ തട്ടുകൾ, ബി.എസ്. എൻ.എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനത്ത് തിരുമുറ്റം, മാളി കപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡ പത്തിന് മുൻവശം, ഇൻസി നറേറ്ററിന് മുൻവശം എന്നിവിടങ്ങളിലും മകരജ്യോതി ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പമ്പ ഹിൽടോപ്പ്, ചാലക്കയം, നിലയ്ക്കൽ, അട്ടത്തോട് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഭക്തരാണ് ജ്യോതി ദർശനത്തിനായി വിരിവച്ച് കാത്തിരുന്നത്.
മണിമണ്ഡപത്തിൽ നിന്ന്
വിളക്കിനെഴുന്നെള്ളത്ത് തുടങ്ങി
ശബരിമല: മകരവിക്കിനുശേഷം സന്നിധാനത്തെ പ്രധാന ചടങ്ങുകളിലൊന്നായ വിളക്കിനെഴുന്നള്ളിപ്പ് ആരംഭിച്ചു. ഇന്നലെ രാത്രി 9.30നാണ് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നുള്ള ആദ്യ എഴുന്നള്ളത്ത് ആരംഭിച്ചത്.
ശബരിമലയിൽ ശ്രീകോവിലിനോളം തുല്യ പ്രാധാന്യമാണ് മണിമണ്ഡപത്തിനുള്ളത്. അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യത്തിനുശേഷം ജീവസമാധി ആയത് ഇവിടെയാണെന്നാണ് വിശ്വാസം. മണിമണ്ഡപം വർഷത്തിൽ ആറു ദിവസം മാത്രമേ തുറക്കാറുള്ളു. വർഷത്തിൽ അഞ്ച് ദിവസം സമാധിയിൽ നിന്ന് ഉണരുകയും ഭക്തർക്ക് അനുഗ്രഹം ചൊരിയുമെന്നുമാണ് വിശ്വാസം.
ആചാര പ്രകാരം എല്ലാ വർഷവും കളമെഴുത്തു ചടങ്ങുകൾ നടക്കുന്നത് മണിമണ്ഡപത്തിലാണ്. പന്തള രാജാവ് ശബരിമലയിൽ വന്നാൽ താമസിക്കുന്നത് മണിമണ്ഡപത്തിന്റെ പുറകിലുള്ള മാളികയിലാണ്.
അയ്യപ്പസ്വാമി തപസനുഷ്ഠിച്ച സമയത്ത് പൂജിച്ച ശ്രീചക്രങ്ങളിലൊന്ന് മണിമണ്ഡപത്തിലും മറ്റൊന്ന് പതിനെട്ടു പടിയുടെ അടിയിലും ഒരെണ്ണം ശ്രീകോവിലും സ്ഥാപിച്ചു എന്നാണ് വിശ്വാസം. മകരം ഒന്ന് മുതൽ അഞ്ചു വരെ ആണ് കളമെഴുത്തും വിളക്കെഴുന്നള്ളത്തും നടക്കുന്നത്. ഓരോ ദിവസവും വിവിധ ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ആദ്യ ദിവസം ബാലകൻ തുടർന്നുള്ള ദിവസങ്ങളിൽ പുലിവാഹനൻ, വില്ലാളി വീരൻ, ചിൻ മുദ്രാങ്കിത രൂപം, തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നിങ്ങനെയാണ്. മകരം മൂന്ന് മുതൽ രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. കളമെഴുത്തിനു ശേഷം തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിൽ ദേവ ചൈതന്യം ആവാഹിച്ചു നാലുദിവസം പതിനെട്ടാം പടിയിലേക്കും അഞ്ചാമത്തെ ദിവസം ശരംകുത്തിയിലേക്കും എഴുന്നള്ളിക്കും. മകരം ആറിനാണ് ഗുരുതി. ശബരിമലയിൽ ഒരു വർഷം ഉണ്ടായ ചൈതന്യക്ഷതം പരിഹരിക്കുന്നതിന് രാജ പ്രധിനിധിയുടെ സാന്നിദ്ധ്യത്തിൽ ആണ് ഗുരുതി നടത്തുക. മണിമണ്ഡപത്തിലെ അടിയന്തരങ്ങൾ നടത്തുവാനുള്ള കാരാഴ്മ അവകാശം റാന്നി കുന്നക്കാട്ട് കുറുപ്പന്മാർക്കാണ്.