abc

പത്തനംതിട്ട : തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ആരംഭിച്ച എ.ബി.സി പദ്ധതി ജില്ലയിൽ നിലച്ചിട്ട് മൂന്ന് വർഷം. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അനിമൽ ബർത്ത് കൺട്രോളിംഗ് (എ.ബി.സി) പദ്ധതി നടന്നിരുന്നത്. ആനിമൽ വെൽഫെയർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ഇല്ലെന്ന കാരണത്താൽ കുടുംബശ്രീയുടെ എ.ബി.സി പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തു. 2020ന് ശേഷം ജില്ലയിൽ പദ്ധതി നടന്നിട്ടില്ല.

പദ്ധതിയുണ്ട്, പക്ഷെ

എ.ബി.സി പദ്ധതിക്കുള്ള സ്ഥലവും കെട്ടിടവും കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പുളിക്കീഴ് സ്ഥലം കണ്ടെത്തിയെങ്കിലും അത്യാധുനിക രീതിയിൽ പദ്ധതി നടപ്പാക്കേണ്ടതിനാൽ എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഒരു കോടി രൂപയുടെ പദ്ധതിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. എ.ബി.സി കേന്ദ്രം, അഭയകേന്ദ്ര നിർമ്മാണം, നായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും ഒരു തദ്ദേശ സ്ഥാപനവും മുന്നോട്ട് വന്നില്ല.

രേഖപ്പെടുത്താതെ കണക്കുകൾ

2019ലെ ലൈഫ് സ്റ്റോക്ക് സെൻസസ് പ്രകാരം 75,000 നായ്ക്കളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ 61,000 വളർത്തുനായ്ക്കളും 14,000 തെരുവുനായ്ക്കളുമുണ്ട്.

2022ൽ എണ്ണത്തിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ ജില്ലയിലെ തെരുവുനായകളുടെ എണ്ണം 2019ൽ രേഖപ്പെടുത്തിയതിന്റെ രണ്ടിരട്ടിയിലധികമാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തെരുവ് നായകളുടെ എണ്ണത്തിൽ കൃത്യമായ കണക്ക് ജില്ലാ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല.

ദിവസവും തെരുവ് നായയുടെ കടിയേറ്റ സംഭവങ്ങൾ ജില്ലയിലുണ്ടാകുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്.

"പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങളിൽ തീരുമാനം ആകുന്നതേയുള്ളു. ഈ വർഷം തന്നെ എ.ബി.സി കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിക്കും.

ജില്ലാ പഞ്ചായത്ത് അധികൃതർ