
റാന്നി : വേനൽ കടുത്തതോടെ പമ്പാനദിയിൽ നീരൊഴുക്ക് കുറഞ്ഞത് പെരുന്തേനരുവിയിലെ വൈദ്യുതി ഉല്പാദനത്തെയും ബാധിച്ചുതുടങ്ങി. ഇപ്പോൾ മുഴുവൻ സമയവും വൈദ്യുതി ഉല്പാദനം നടത്താൻ കഴിയുന്നില്ല. ഈ പദ്ധതിയിൽ മൂന്ന് മെഗാവാട്ടുള്ള രണ്ട് ജനറേറ്ററുകളിൽ നിന്നായി 6 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഡാം കവിഞ്ഞു വെള്ളം ഒഴുകാത്തതിനാൽ പെരുന്തേനരുവിയിലെ വെള്ളച്ചാട്ടവും വരണ്ടുണങ്ങി. വെള്ളച്ചാട്ടവും ഡാമും കാണാൻ എത്തുന്നവർ നിരാശരായി മടങ്ങുകയാണ്. കഴിഞ്ഞ അവധി ദിവസങ്ങളിൽ നിരവധിപേർ വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. വെള്ളം കുറയുന്നതോടെ ടൂറിസത്തിനും വൈദ്യുതി ഉല്പാദനത്തിനും പുറമെ വിവിധ ജലവിതരണ പദ്ധതികളും അവതാളത്തിലാകും. ഡാമിനും വെള്ളച്ചാട്ടത്തിനും താഴെയാണ് വെച്ചൂച്ചിറ, കുടമുരുട്ടി - കൊച്ചുകുളം ജലവിതരണ പദ്ധതിയുടെ കിണറുകളുള്ളത്.