പന്തളം :പന്തളത്ത് ലഹരി വില്പന സംഘങ്ങൾ വിലസുന്നു. നാട്ടുകാർ എക്‌സൈസിൽ വിവരം അറിയിച്ചാൽ ഇത് പുറത്താകുന്നതായി പരാതി. ഇതുമൂലം പ്രതികൾ രക്ഷപ്പെടുന്നു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭാഗത്ത് ലഹരി വിൽപന വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളെയാണ് കഞ്ചാവുമായി പൊലീസും എക്‌സൈസും പിടികൂടിയത്. ഇവരെ പുറത്തിറക്കാനും സംഘങ്ങളുണ്ട്. റെയ്ഡ് നടക്കാൻ പോകുന്നതായുള്ള സന്ദേശം തങ്ങൾക്ക് നേരത്തേ ലഭിക്കാറുണ്ടെന്നു പറഞ്ഞു ലഹരി വിൽപനക്കാർ വെല്ലുവിളിക്കുന്നതായും പരാതിയുണ്ട്. നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. ചേരിക്കൽ, ആനക്കുഴിയിൽ ലഹരി മാഫിയ വീടുകയറി അക്രമം നടത്തിയ സംഭവം ഉണ്ടായശേഷം ശാന്തമായിരുന്ന പ്രദേശങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ലഹരി സംഘങ്ങൾ സജീവമായി . കുളനട പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ലഹരി മാഫിയ വ്യാപകമാണ്.