
അടൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ ഡിവൈ.എസ്.പി ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഗാന്ധി പാർക്കിൽ നിന്ന് ആരംഭിച്ച മാർച്ച് റവന്യു ടവറിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ ബാരിക്കേഡുകൾ പ്രവർത്തകർ തകർത്തു. ബാരികേഡുകൾ മറിച്ചിട്ട് അതിനുമുകളിൽ കയറിയ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഉന്തുംതള്ളും ഉണ്ടായെങ്കിലും പൊലിസ് സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. ബാരികേഡിൽ പിടിച്ച് വലിക്കുന്നതിനിടെ ചിലപ്രവർത്തകർ ഓടയിൽ വീണു. മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വിഷ്ണു സുനിൽ പന്തളം , അനന്തു ബാലൻ, അബു എബ്രഹാം, അലക്സ് കോയിപ്രം, റിനോ പി രാജൻ, നഹാസ് പത്തനംതിട്ട, ജിജോ ചെറിയാൻ, അനൂപ് വേങ്ങവിള, അഖിൽ ഓമനകുട്ടൻ, ജയകൃഷ്ണൻ പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി.