
ശബരിമല: സന്നിധാനത്ത് ഇന്നലെ നടന്ന അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായി. മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് സന്നിധാനത്തേക്കായിരുന്നു എഴുന്നള്ളത്ത്. പന്തളത്ത് നിന്ന് തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നെള്ളിച്ചു.
പതിനെട്ടാംപടിക്കു മുന്നിൽ എത്തിയപ്പോൾ കർപ്പൂരാരതി നടത്തി. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നെള്ളിച്ചു. മാളികപ്പുറത്തുനിന്ന് തിരികെ എത്തി തിരുവാഭരണം ചാർത്തിയ അയ്യപ്പവിഗ്രഹം ദർശിച്ച് വിരിയിൽ എത്തി കർപ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാൾ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. സമൂഹപ്പെരിയാൻ എൻ.ഗോപാലകൃഷ്ണപിള്ള മുഖ്യകാർമ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി ചന്ദ്രകുമാർ, ട്രഷറർ ബിജു സാരംഗി എന്നിവർ നേതൃത്വം നൽകി.