
അധികാരമല്ല വലുത്, ജനക്ഷേമ പ്രവർത്തനമാണെന്ന് രാഷ്ട്രീയ പാർട്ടികൾ പറയും. രണ്ടാമത്തേതാണ് ലക്ഷ്യമെന്ന് പറയുമെങ്കിലും ഒന്നാമത്തെ കാര്യത്തിനാണ് പാർട്ടികൾ പ്രധാന്യം കൽപ്പിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. അവസരം വരുമ്പോൾ അധികാരം വിട്ടൊരു കളിയുമില്ല. അർഹതപ്പെട്ട അധികാര സ്ഥാനം ലഭിച്ചില്ലെങ്കിൽ അസംതൃപ്തി പല രീതികളിൽ പുറത്തുവരും. ഇടതുമുന്നണിയിൽ സി.പി.എം എന്ന വല്യേട്ടൻ കഴിഞ്ഞാൽ രണ്ടാമനാണ് സി.പി.ഐ ആ സ്ഥാനം കയ്യടക്കാൻ കോട്ടയത്ത് നിന്ന് കേരള കോൺഗ്രസ് എം ശ്രമിക്കുന്നുണ്ടെങ്കിലും സി.പി.ഐ വിട്ടു കൊടുക്കാൻ തയ്യാറല്ല.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചില ധാരണകൾ മുന്നണികൾക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. അധികാരം വീതംവയ്പിന്റേതാണ് ആ ധാരണകൾ. എല്ലാ ജില്ലകളിലും അവരവരുടെ ശക്തി കേന്ദ്രങ്ങളിൽ വീതംവയ്പ് ഒരു പൊതുപരിപാടിയാണ്. അത്തരത്തിലൊന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലുമുണ്ട്. ഭരണം എൽ.ഡി.എഫിന്റേതാണ്. പ്രസിഡന്റ് സ്ഥാനത്ത് സി.പി.എം നേതാവായ ഓമല്ലൂർ ശങ്കരൻ മൂന്ന് വർഷം പൂർത്തിയാക്കി. മുന്നണിയിലെ ധാരണ പ്രകാരം അടുത്ത ഒരു വർഷം പ്രസിഡന്റ് പദവി തങ്ങൾക്കു വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന വർഷം ജനതാദളിനാണ് ഊഴം. പക്ഷേ, കലാവാധി കഴിഞ്ഞിട്ടും ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ് പദവി ഒഴിഞ്ഞില്ല. ഇതേതുടർന്ന് സി.പി.ഐ ഇടതുമുന്നണി നേതൃത്വത്തിന് കത്തുനൽകി. സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്നാണ് ആവശ്യം. സി.പി.ഐയിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടു വച്ചിരിക്കുന്നത് യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫിന്റെ സംസ്ഥാന സമിതിയംഗം ശ്രീനാദേവി കുഞ്ഞമ്മയെയാണ്. ജില്ലാ പഞ്ചായത്തിൽ രണ്ട് അംഗങ്ങളാണ് സി.പി.ഐയ്ക്കുള്ളത്. രാജി.പി രാജപ്പനാണ് രണ്ടാമത്തെയാൾ. ആദ്യ രണ്ടു വർഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജി എൽ.ഡി.എഫിലെ ധാരണപ്രകാരം പദവിയൊഴിഞ്ഞു കൊടുത്തു. ആ മര്യാദ പാലിക്കാൻ സി.പി.എം തയ്യാറാകണമെന്നാണ് സി.പി.ഐയുടെ ആവശ്യം. പ്രസിഡന്റ് സ്ഥാനത്തേക്ക് അങ്ങനെയാെരു ധാരണയുണ്ടോ എന്ന് നിലവിലെ പ്രസിഡന്റ് ഓമല്ലൂർ ശങ്കരനോട് ചോദിച്ചാൽ അറിയില്ലാെന്നാണ് മറുപടി. പദവിയൊഴിഞ്ഞു കൊടുക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും സി.പി.എമ്മിൽ നടന്നിട്ടില്ല. ഇല്ലാത്ത ധാരണയുടെ പേരിൽ ഓമല്ലൂർ ശങ്കരൻ രാജിവയ്ക്കേണ്ടതുണ്ടോ എന്നാണ് സി.പി.എം നേതാക്കൾ ചോദിക്കുന്നത്. ശങ്കരൻ രാജിവച്ചില്ലെങ്കിൽ മുന്നണിയുടെ പോക്ക് അത്ര സുഖകരമാകില്ലെന്നാണ് സി.പി.ഐ നൽകുന്ന മുന്നറിയിപ്പുകൾ. എൽ.ഡി.എഫ് ഭരിക്കുന്ന ചില പഞ്ചായത്തുകളിൽ സി.പി.ഐ പിന്തുണ പിൻവലിച്ചാൽ സി.പി.എമ്മിന്റെ പ്രസിഡന്റ് പുറത്താകും. അത്തരം കളികളിലേക്ക് തങ്ങൾ പോകില്ലെന്ന് സി.പി.ഐക്കാർ പറയുന്നു.
തൃശൂരിൽ ഇടതു മുന്നണിയിലുണ്ടാക്കിയ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം ഒഴിഞ്ഞു. ഇനിയുള്ള രണ്ടു വർഷം സി.പി.ഐയ്ക്കാണ്. തൃശൂരിലേതു പോലെയാണ് പത്തനംതിട്ടയിലെ ധാരണയെന്ന് സി.പി.ഐ പറയുന്നു. പത്തനംതിട്ടയിൽ സി.പി.എം ഇനിയും മാറിക്കൊടുത്തില്ലെങ്കിൽ ജനതാദളിന്റെയും അവസരം നഷ്ടമാകും. അവസാന വർഷം അവർക്കുള്ളതാണ്.
സി.പി.ഐയിലെ
വിഭാഗീയത പാരയാകുമോ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ സി.പി.എം തയ്യാറാകാത്തതിന് പിന്നിൽ സി.പി.ഐയിലെ വിഭാഗീയതയ്ക്ക് നല്ല പങ്കുണ്ടെന്നാണ് അണിയറ വർത്തമാനം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട എ.പി ജയനെ അനുകൂലിക്കുന്നവർ ഇപ്പോഴും സി.പി.ഐ ജില്ലാ നേതൃത്വത്തിലുണ്ട്. ജയനെ പാർട്ടിയുടെ ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്ത്താൻ കാരണമായത് ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി സംസ്ഥാന ഘടകത്തിന് നൽകിയ പരാതിയാണ്. പാർട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം ജയൻ അനധികൃത സ്വത്ത് സമ്പാദനത്തിനായി ദുർവിനിയോഗം ചെയ്തുവെന്ന പരാതി പാർട്ടി കമ്മിഷൻ അന്വേഷിച്ചപ്പോൾ ശരിയാണെന്ന് ബോധ്യപ്പെട്ടുവത്രെ. പരാതിയിൽ കഴമ്പില്ലെന്ന് ജയൻ അക്കമിട്ട് നിരത്തിപ്പറഞ്ഞിട്ടും പാർട്ടിക്ക് അതു ബോധ്യമായില്ല. ചുമതലകളിൽ നിന്നെല്ളാം ഒഴിവാക്കപ്പെട്ട ജയൻ നാല് പതിറ്റാണ്ട് നീണ്ട തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം താത്കാലത്തേക്ക് നിറുത്തിവച്ച് വീട്ടിലിരിക്കുകയാണ്. ഇതിനെല്ലാം കാരണം ശ്രീനാദേവിയുടെ പരാതിയാണ്. അവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്താതിരിക്കാൻ പാർട്ടിയിലെ ജയൻ അനുകൂലികൾ ആവത് ശ്രമിക്കുന്നതായാണ് അറിയുന്നത്. പക്ഷേ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഇത് നിഷേധിക്കുന്നു. പാർട്ടിയ്ക്ക് അർഹതപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. മുന്നണിയിലെ ധാരണപ്രകാരം അതു ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് പാർട്ടി എൽ.ഡി.എഫിന് കത്തു നൽകിയത്. പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. മുന്നണിയിൽ ധാരണയുണ്ടായിട്ടുണ്ടെങ്കിൽ അതു പാലിക്കുമെന്ന് കൺവീനർ അലക്സ് കണ്ണമല വ്യക്തമാക്കിയിട്ടുണ്ട്. ജനതാദൾ എസ് ജില്ലാ പ്രസിഡന്റാണ് അദ്ദേഹം. സി.പി.ഐയ്ക്ക് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം നേടിക്കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂടി ആവശ്യമാണ്. അവസാന വർഷത്തെ അദ്ധ്യക്ഷ പദവി ജനതാദൾ എസിന് ലഭിക്കണമെങ്കിൽ സി.പി.ഐയ്ക്കൊപ്പം നിന്നെങ്കിലേ പറ്റൂ.
സംസ്ഥാനത്ത് സി.പി.ഐയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ല. അടൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ സി.പി.ഐ പ്രതിനിധിയാണ്. കോന്നിയിലും പത്തനംതിട്ടയിലും സി.പി.ഐയ്ക്ക് ചില ശക്തികേന്ദ്രങ്ങളുണ്ട്. മുന്നണി ധാരണ പാലിച്ചില്ലെങ്കിൽ ജില്ലയിലെ സി.പി.എം, സി.പി.ഐ ബന്ധത്തിൽ ഉലച്ചിലുണ്ടായേക്കാം. ജനതാദൾ എസ് മാനസികമായി സി.പി.ഐയ്ക്കൊപ്പമാകും. പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണിയിൽ ഘടക കക്ഷികളെ ഒപ്പം കൂട്ടേണ്ടത് സി.പി.എമ്മിന്റെ ആവശ്യമാണ്. കേരള കോൺഗ്രസ് എമ്മിനെക്കാട്ടി തങ്ങളെ ഒതുക്കാമെന്ന ചിന്തയിൽ സി.പി.എം മുന്നോട്ടു പോകുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്. അങ്ങനെയായാൽ മുന്നണി ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകും. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സ്വന്തമാക്കാനുള്ള കരുക്കൾ നീക്കുകയാണ് സി.പി.ഐ.