പത്തനംതിട്ട : കാലാവസ്ഥയിലെ മാറ്റങ്ങൾ നീർപക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതായി പഠനം. ജില്ലയിൽ എട്ടിടങ്ങളിൽ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സ് നടത്തിയ നിരീക്ഷണത്തിൽ ആയിരത്തോളം നീർപക്ഷികൾ കുറഞ്ഞതായാണ് കണ്ടെത്തൽ. നീർപക്ഷികളുടെ ആവാസ സ്ഥാനമായ നീർത്തടങ്ങളെ കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എല്ലാ വർഷവും ജനുവരിയിൽ നീർപക്ഷികളുടെ കണക്കെടുക്കുന്നുണ്ട്. ഇൗ വർഷമാണ് പക്ഷികളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞത്. പക്ഷിനിരീക്ഷകരും വനംവകുപ്പുദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടെ 58 പേർ പഠനത്തിൽ പങ്കെടുത്തു. വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കണക്കെടുപ്പ് നടത്തിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ്, പ്രമാടം നേതാജി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
പക്ഷികൾ കുറയാൻ കാരണങ്ങൾ
1. മഴയിലെ മാറ്റം
2. വെള്ളപ്പൊക്കം
3. നെൽവയലുകൾ കുറയുന്നു
4. നീർത്തടങ്ങൾ തരിശാകുന്നു
# പഠനം നടന്നത്
കരിങ്ങാലി പുഞ്ചയുടെ ചേരിക്കൽ ഭാഗം, പൂഴിക്കാട് ഭാഗം, വള്ളിക്കോട് പുഞ്ച, ആറൻമുള നാൽക്കാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കവിയൂർ പുഞ്ച, അപ്പർ കുട്ടനാടിന്റെ ഭാഗങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ.
പക്ഷികൾ
ദീർഘദൂരദേശാടകരായ പുള്ളിചോരക്കാലി, വരി എരണ്ട, ചതുപ്പൻ, പൊൻമണൽക്കോഴി, പച്ചക്കാലി, ആറ്റുമണൽക്കോഴി, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, ബഹുവർണ്ണമണലൂതി, പുള്ളി കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, പട്ടവാലൻ ഗോഡ്വിറ്റ്, കരി ആള, മഞ്ഞവാലുകുലുക്കി, വലിയ പുള്ളിപ്പരുന്ത്, കരിതപ്പി, എന്നിങ്ങനെയുള്ള 25 ജാതി ദീർഘദൂര ദേശാടകർ. ലഘുദേശാടകരായ പവിഴക്കാലി, ചായമുണ്ടി.
നേതൃത്വം
വനം വകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗം അസി.കൺസർവേറ്റർ ജി.ധനിക് ലാൽ, റേഞ്ച് ഓഫീസർ എ.എസ്.അശോക്, പത്തനംതിട്ട ബേഡേഴ്സ് കോർഡിനേറ്റർ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം, അനീഷ് ശശിദേവൻ, ശ്രീദേവി മാധവൻ, ഹരികുമാർ മാന്നാർ, അതുൽ ശേഖർ, അനീഷ് മോഹൻ, റോബിൻ സി കോശി, ആദർശ് അജയ്, അലൻ അലക്‌സ്.
ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ആയിരത്തോളം പക്ഷികൾ
'' കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാർഷിക കലണ്ടറിൽ വ്യതിയാനങ്ങൾ വരുത്തുന്നത് നീർത്തടങ്ങളിലെത്തുന്ന പക്ഷികളുടെ കണക്കിലും കാര്യമായ വ്യത്യാസം വരുത്തുന്നു.
ഹരി മാവേലിക്കര, പത്തനംതിട്ട ബേഡേഴ്സ് കോർഡിനേറ്റർ