
മറുകര കടക്കുക എന്ന സ്വപ്നവുമായി പണിതുടങ്ങിയ പാലങ്ങളിൽ പലതും നദിയിൽ കുടുങ്ങിയ അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കാൻ ആകാതെയും ആവശ്യത്തിന് ഫണ്ടില്ലാതെയും നിർമ്മാണം നിലച്ച പാലങ്ങളിലൂടെ...
കോഴഞ്ചേരി പാലം : ടെൻഡർ അഞ്ച് തവണ
കോഴഞ്ചേരി പാലത്തിന് അഞ്ച് തവണ ടെൻഡർ വിളിച്ചെങ്കിലും സർക്കാർ മാനദണ്ഡമനുസരിച്ച് അംഗീകാരം ലഭിച്ചില്ല. ഡിസംബറിൽ തുടർ നിർമ്മാണത്തിന് മന്ത്രി സഭായോഗം അനുമതി നൽകിയെങ്കിലും ഇതുവരെ പണി ആരംഭിച്ചില്ല.
കിഫ്ബി 2016 – 17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 19.77 കോടി രൂപയുടെ ഭരണാനുമതിയും 19.69 കോടി രൂപയ്ക്ക് സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.
തിരുവല്ല – കുമ്പഴ റോഡിലെ കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്ന് ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെയാണ് പുതിയ പാലം. 198.8 മീറ്റർ ആണ് പാലത്തിന്റെ നീളം.
നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതി. ആറൻമുള മണ്ഡലത്തിലെ പ്രധാന പാലമാണിത്.
ആവണിപ്പാറ കാത്തിരിക്കുന്നു
ആവണിപ്പാറ ആദിവാസി കോളനി നിവാസികൾ പാലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ട്രൈബൽ വകുപ്പാണ് ഫണ്ട് ചെലവഴിക്കുന്നത്. എന്നാൽ പാലത്തിന്റെ വീതി മൂന്ന് മീറ്റർ വേണോ അഞ്ച് മീറ്റർ വേണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. മൂന്ന് മീറ്ററാണ് ട്രൈബൽ വകുപ്പ് മുമ്പോട്ട് വയ്ക്കുന്ന പാലത്തിന്റെ വീതി. അഞ്ച് മീറ്റർ ഉണ്ടെങ്കിലേ വലിയ വാഹനങ്ങൾ കയറുവെന്നാണ് പി.ഡബ്ല്യൂ,ഡി അധികൃതർ പറയുന്നത്. അന്തിമ തീരുമാനമായെങ്കിൽ മാത്രമേ പദ്ധതി മുമ്പോട്ട് പോകു. കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ട്. മണ്ണ് പരിശോധനയും പൂർത്തിയായി. 34 കുടുംബങ്ങളിലായി 114 പേരാണ് ആവണിപ്പാറയിലുള്ളത്. കാടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ് ആവണിപ്പാറ.