
തിരുവല്ല: എ.കെ.ജി പഠന ഗവേഷണകേന്ദ്രവും പത്തനംതിട്ട വി.എസ്.ചന്ദ്രശേഖരപിള്ള പഠനഗവേഷണവും സംയുക്തമായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് - 2024 ഇന്ന് ആരംഭിക്കും. വൈകിട്ട് 4ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് ചെയർമാൻ എസ്.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കും.എ.കെ.ജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ടി.എം.തോമസ് ഐസക് ആമുഖപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയർമാൻ എ.പത്മകുമാർ സ്വാഗതം പറയും.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വീണാജോർജ്, സജി ചെറിയാൻ, കെ.ബി.ഗണേശ് കുമാർ, പി.പ്രസാദ്, ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർ, സാഹിത്യകാരൻ ബെന്യാമിൻ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, കേരള പ്രവാസിസംഘം ജനറൽസെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം രാജു ഏബ്രഹാം, നോർക്കാ റൂട്സ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ജോസ് കെ.മാണി എം.പി, എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജെനീഷ് കുമാർ, പ്രമോദ് നാരായൺ, ചന്ദ്രശേഖരപിള്ള പഠനഗവേഷണകേന്ദ്രം സെക്രട്ടറി പി.ബി.ഹർഷകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്റ്റീഫൻ ദേവസ്വി - ശിവമണി ടീമിന്റെ മ്യൂസിക് ഈവന്റ്. തുടർന്നുള്ള 3 ദിവസങ്ങളിൽ തിരുവല്ല സെന്റ് ജോൺസ് ചർച്ച്ഹാൾ, ഓഡിറ്റോറിയം, ശാന്തിനിലയം, ഗവ.എംപ്ലോയിസ് സഹകരണബാങ്ക് ആഡിറ്റോറിയം, മാർത്തോമാ കോളേജ് എന്നി വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും. വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരംഭകത്വ വികസനം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാണ്. 75 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 3000പ്രതിനിധികൾ പങ്കെടുക്കും. ഓൺലൈനായി 1.2ലക്ഷം പേർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഡോ.ടി.എം.തോമസ് ഐസക്, സംഘാടകസമിതി ചെയർമാൻ ബന്യാമിൻ, ജനറൽ കൺവീനർ എ.പത്മകുമാർ, ജോ.കൺവീനർ റോഷൻ റോയ് മാത്യു, ഡോ.റാണി ആർ.നായർ എന്നിവർ അറിയിച്ചു.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിന്റെ കേന്ദ്ര പ്രമേയം.
ചർച്ച ചെയ്യുന്ന വിഷയങ്ങൾ
പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവ്വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണി പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം.
ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് 1,20,607 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19ന് രാവിലെ വരെ ഓൺലൈൻ രജിസ്ട്രേഷൻ തുടരും. www.migrationconclave.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.