
കോന്നി : വർഷങ്ങൾ പോയതറിയാതെ മഴയും വെയിലുമേറ്റ് മാനം നോക്കി നിൽക്കുന്ന മൂന്നു തൂണുകൾ. അതിൽ ഏതാനും കമ്പികൾ. ഇതാണ് വർഷങ്ങളായി നാട്ടുകാർ കാത്തിരിക്കുന്ന ചിറ്റൂർ - അട്ടച്ചാക്കൽ പാലത്തിന്റെ അവസ്ഥ.
2017 ഫെബ്രുവരി 26 ന് ശിലാസ്ഥാപനം നടത്തി പണികൾ ആരംഭിച്ച പാലത്തിന്റെ തൂണുകൾ മാത്രമാണ് ഭാഗീകമായി പൂർത്തീകരിച്ചത്. റവന്യൂ വകുപ്പിന്റെ റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് രണ്ടര കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കാൻ തീരുമാനമായത്. നിർമ്മിതികേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ. വലിയ ലോറികൾ ഉൾപ്പടെ കടന്നുപോകാൻ കഴിയുന്ന വിധത്തിൽ നാലു മീറ്റർ വീതിയിലാണ് നിർമ്മാണം ആരംഭിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽ നിന്ന് കോന്നി - വെട്ടൂർ - കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്. അട്ടച്ചാക്കൽ ചിറ്റൂർമുക്ക് കരകളെ ബന്ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ പഴയ പതിനെട്ടാം വാർഡിൽ നിന്നും മറുകരയിലെ ഒന്നാം വാർഡിലേക്കാണ് പാലം നിർമ്മിക്കുന്നത്. പ്രമാടം, കോന്നി, മലയാലപ്പുഴ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുള്ളവർക്ക് ഏറെ ഗുണകരമാകുന്ന പാലമാണിത്.