
മല്ലപ്പള്ളി : കീഴ് വായ്പൂര് പാറക്കടവ് പാലം നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ട് ഏഴ് വർഷം. അഞ്ച് ടെൻഡറുകൾ നടത്തിയിട്ടും പാലം യാഥാർത്ഥ്യമായില്ല. 2016 -17ലെ സംസ്ഥാന ബഡ്റ്റിൽ പാറക്കടവ് പാലം നിർമ്മാണത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയത്. കിഫ്ബിയിൽനിന്ന് ഫണ്ട് ലഭ്യമാക്കി പാലം പണിയുന്നതിനായിരുന്നു പദ്ധതി. മണിമലയാറ്റിൽ പരിയാരം, കീഴ്‌വായ്പൂര് കരകളെ ബന്ധിപ്പിച്ചാണ് പാലം. നാല് തവണ പൊതുമരാമത്ത് പാലം വിഭാഗമാണ് ടെൻഡർ ക്ഷണിച്ചത്. ആഗസ്റ്റ് 16ന് അവസാന തീയതിയായി കേരള റോഡ് ഫണ്ട് ബോർഡും ടെൻഡർ ക്ഷണിച്ചെങ്കിലും ഒരാൾ മാത്രമാണ് പങ്കെടുത്തത്. എസ്റ്റിമേറ്റിനെക്കാൾ ഉയർന്ന തുക നൽകിയതിനാൽ അംഗീകാരം ലഭിച്ചില്ല. എസ്റ്റിമേറ്റ് തുക വിനിയോഗിച്ച് നിർമ്മാണം നടത്തിയാൽ നഷ്ടമുണ്ടാകുമെന്നതിലാണ് കരാറുകാർ പണിയേൽക്കാത്തത്. പാലത്തിന്റെ രൂപകൽപ്പനയിൽ വ്യത്യാസം വരുത്തിയെങ്കിലും കരാർ വൈകുകയാണ്.