പത്തനംതിട്ട : കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് നിർമ്മാണം തടസപ്പെടുത്തിയ കൃഷി വകുപ്പിന്റെ നിലപാടിനെതിരെ യു.ഡി.എഫ് കോന്നിനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് രാവിലെ 10ന്​ കോന്നി ടൗണിൽ സത്യഗ്രഹം നടത്തും. ആന്റോ ആന്റണി എം.പി നേത്യത്വം നൽകും. കോന്നി കേന്ദ്രീയ വിദ്യാലയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കുട്ടികൾ പുതിയ വിദ്യാലയത്തിലേക്ക് മാറാനിരിക്കുമ്പോൾ അതിന് വഴിമുടക്കുന്ന നടപടി ഒരു കാരണവശാലും ന്യായീകരിക്കാവില്ലെന്ന് ആന്റോ ആന്റണി വാർത്താ സമ്മേളനത്തിൽപറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് റോഡിൽ നിന്ന് കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡാണിത്​. ഈ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന്​ എം. പി ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. റോഡ് കടന്നുപോകുന്നത് ഭൂരിഭാഗവും കൃഷിവകുപ്പിന്റ വസ്തുവിലൂടെയാണ്. എന്നാൽ റോഡ് നിർമ്മാണത്തിന് എൻ. ഒ.സി നൽകാതെ തടസ്സ വാദങ്ങൾ ഉന്നയിച്ച് നിർമ്മാണം തടസ്സപ്പെടുത്തുകയാണ് കൃഷി വകുപ്പ് ചെയ്തത്. വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കാൻ സർക്കാർ വകുപ്പ് തന്നെ നേരിട്ട് ഇറങ്ങുന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്ന് എം. പി പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിന്റെ ഉദ്​ഘാടനം ഉടനെ നടക്കാനിരിക്കെയാണ്​ റോഡ്​ പണി തടസ്സപ്പെടുത്തിയത്​. പഞ്ചായത്ത്​രജിസ്റ്ററിലും ഉൾപ്പെട്ട റോഡാണിത്​. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്​ അംഗം റോബിൻപീറ്റർ, യു. ഡി. എഫ്​ നിയോജക മണ്ഡലം ​ ചെയർമാൻ സന്തോഷ്​​കുമാർ എന്നിവരും പങ്കെടുത്തു. .