ചെന്നീർക്കര : ഗവ.ഐ. ടി. ഐയിലെ വൈദ്യുതി മുടക്കം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. ഒരു മാസം മുൻപ് ഐ.ടി.ഐയിലെ ട്രാൻസ്‌ഫോർമർ കത്തിനശിച്ചിരുന്നു. ഇതോടെ ലാബുകളിൽ പ്രാക്ടിക്കൽ ക്ലാസ് മുടങ്ങി. പല തവണ വിഷയം ഉന്നത തലങ്ങളിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പ്രാക്ടിക്കൽ ക്ലാസ് സജീവമായി നടക്കേണ്ട വേളയിലാണ് കറണ്ടില്ലായ്മ കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുന്നത്. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് തകരാർ പരിഹരിച്ച് ക്ളാസുകൾ സുഗമമായി നടത്താൻ അധികൃതർ ഇടപെടണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.
അധികൃതർ നിസംഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.യുവും എ.ബി.വി.പിയും പഠിപ്പുമുടക്കിയിരുന്നു. ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും.
വൈദ്യുതി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാക്ടിക്കൽ ക്ളാസുകൾ തടസപ്പെടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.