
തിരുവല്ല: വോൾട്ടേജ് വ്യതിയാനം മൂലം പുളിക്കീഴ് ജലശുദ്ധീകരണ ശാലയിൽ ജലവിതരണം നടത്തുന്നതിൽ തടസ്സം നേരിടുന്നു. അതിനാൽ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അസി.എക്സി.എൻജിനീയർ അറിയിച്ചു. എടത്വ കെ.എസ്.ഇ.ബി സബ്സ്റ്റേഷനിൽ നിന്ന് കിടങ്ങറ സബ്സ്റ്റേഷനിലേക്കുള്ള ഫീഡറിൽ പ്രവ്യത്തി നടക്കുകയാണ്. ഇതുമൂലം എടത്വ സബ്സ്റ്റേഷനിൽ നിന്ന് കടപ്ര സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുന്നു. ഈ വോൾട്ടേജ് കുറവ് മൂലമാണ് പുളിക്കീഴ് പമ്പിംഗിന് തടസം നേരിടുന്നത്. വൈദ്യുതി ലൈനിലെ ജോലികൾ പൂർത്തിയാകാൻ ഇനിയും ഏഴ് ദിവസം കൂടി വേണ്ടിവരുമെന്ന് കടപ്രയിലെ കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.